bengal

കൊൽക്കത്ത : ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബി.ജെ.പി സംഘർഷം മൂർച്ഛിക്കുന്നു. കഴിഞ്ഞ ദിവസം നോർത്ത് 24 പർഗാനാസ് ജില്ലയിലുണ്ടായ സംഘർഷത്തിൽ ഇരുപാർട്ടികളിലുമായി അഞ്ച് പേർ കൊല്ലപ്പെട്ടു. പൊതുസ്ഥലത്തുനിന്നും പാർട്ടി പതാകകൾ മാറ്റുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കമാണ് സംഘർഷമായി മാറിയത്. മൂന്ന് ബി.ജെ.പി പ്രവർത്തകരും, ഒരു തൃണമൂൽ പ്രവർത്തകനും, നാട്ടുകാരനും ഉൾപ്പടെ അഞ്ചുപേരാണ് അക്രമത്തിനിടെ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ബാഷിർഹട്ട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ടതാണ് സംഘർഷമുണ്ടായ പ്രദേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി നോർത്ത് 24 പർഗാനാസിലെ ഹട്ട്ഗച്ചബൂത്തിൽ ബി.ജെ.പി ലീഡ് നേടിയിരുന്നു. നൂറ്റിപതിനാല് വോട്ടുകൾക്കാണ് ഇവിടെ ബി.ജെ.പി മുന്നിട്ട് നിന്നത്. ഇരുവിഭാഗവും ആയുധങ്ങളുമായിട്ടാണ് പരസ്പരം പോരടിച്ചത്. വെടിയേറ്റാണ് തൃണമൂൽ ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബാഷിർഹട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നിരവധി പ്രവർത്തകരെ കാണാതായിട്ടുണ്ടെന്ന് ബി.ജെ.പി ബംഗാൾ ഘടകം അറിയിച്ചു. സംഘടിച്ചെത്തിയ തൃണമൂൽ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നും ബി.ജെ.പി ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽക്കേ ബംഗാളിൽ ബി.ജെ.പി തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അപ്രതീക്ഷിതമായി ബി.ജെ.പി മുന്നേറ്റമുണ്ടായതോടെ വൻതോതിൽ പാർട്ടി ഓഫീസുകൾ കൈയ്യേറുന്നുവെന്ന ആരോപണവുമായി തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം ബംഗാൾ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ബി.ജെ.പി കൈയേറിയ തൃണമൂൽ ഓഫീസ് ഒഴിപ്പിക്കുന്ന സംഭവവും ഉണ്ടായിരുന്നു.