ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിൽ മാദ്ധ്യമപ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയ കേസിൽ ശനിയാഴ്ച വൈകീട്ട് തന്നെ ഒരു സ്വകാര്യ ചാനലിലെ ഹെഡും, എഡിറ്ററും അറസ്റ്റിലായിട്ടുണ്ട്,
പ്രശാന്ത് കനോജിയെന്ന ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനെയാണ് ലക്നൗവിലെ ഒരു പൊലീസ് ഓഫീസറുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. കനോജിയ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചെന്നാണ് പരാതി. കനോജിയ ഫേസ്ബുക്കിലും ട്വിറ്ററിലും ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഒരു സ്ത്രീ തന്നോട് മുഖ്യമന്ത്രി വിവാഹ അഭ്യർത്ഥന നടത്തിയെന്ന് യോഗി ആദിത്യനാഥിന്റെ ഓഫീസിന് മുന്നിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരോട് പറയുന്നതാണ് വീഡിയോയിലുള്ളത്.
സെക്ഷൻ 67 ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് കനോജിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസും ചുമത്തിയിട്ടുണ്ട്. ഡൽഹിയിലെ വെസ്റ്റ് വിനോദ് നഗറിലെ വീട്ടിൽ ശനിയാഴ്ച ഉച്ചയോടെയാണ് കനോജിയെ അറസ്റ്റ് ചെയ്തത്. അതേസമയം ഇദ്ദേഹത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ധാരാളം ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലിലെ ഹെഡിനെയും എഡിറ്ററെയും ഇന്നലെ നോയിഡയിൽ വച്ച് അറസ്റ്റ് ചെയ്തു. ജൂൺ ആറിന് പ്രശാന്ത് കനോജ പങ്കുവച്ച അതേ വീഡിയോയുമായി ബന്ധപ്പെട്ട ചാനൽ ചർച്ച സംഘടിപ്പിച്ചിരുന്നു. ചാനൽ ഹെഡ് ഇഷിക സിംഗ്, എഡിറ്റർ അനുജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ചാനലിന് പ്രവർത്തിക്കാനാവശ്യമായ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.