ഗുരുവായൂർ : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ ബി.ജെ.പി നേതാക്കൾ ഒന്നടങ്കം എതിർത്ത പൊലീസ് ഉദ്യോഗസ്ഥനാണ് തൃശൂർ സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര. മണ്ഡലകാലത്ത് ശബരിമലയുടെ സുരക്ഷയുടെ ഭാഗമായി പമ്പയിലും നിലയ്ക്കലുമാണ് യതീഷ് ചന്ദ്രയെ സർക്കാർ നിയോഗിച്ചിരുന്നത്. എന്നാൽ സമരപരിപാടികളുടെ ഭാഗമായി ശബരിമലയിലേക്കെത്തിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ തടഞ്ഞതിലും, ശബരിമല സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുയർത്തി യതീഷ് ചന്ദ്രയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങളായിരുന്നു ബി.ജെ.പി നേതാക്കളുയർത്തിയിരുന്നത്. കേന്ദ്രസർക്കാരിനെ കൊണ്ട് യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കുമെന്ന് തുടർച്ചയായി മുന്നറിയിപ്പ് നൽകിയത് ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രനും, എ.എൻ രാധാകൃഷ്ണനും കമ്മീഷണറെ മുഖാമുഖം കണ്ടത് കാഴ്ചക്കാരിലും കൗതുകമുയർത്തി.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലുടെ ഭാഗമായിട്ടാണ് തൃശൂർ കമ്മീഷണറായ യതീഷ് ചന്ദ്ര ഗുരുവായൂരിലെത്തിയത്. ഇവിടെ പ്രധാനമന്ത്രി എത്തുന്നതിന് മുൻപായി ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വച്ചാണ് കെ.സുരേന്ദ്രനും, എ.എൻ രാധാകൃഷ്ണനും കമ്മീഷണറുടെ മുൻപിലെത്തിയത്. എന്നാൽ പമ്പയിലും,നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരുടെയും മുഖത്തുണ്ടായിരുന്നില്ല. ഇവരുടെ അടുത്തേക്ക് ചിരിയോടെ നടന്നടുത്ത കമ്മീഷണറെ കൈനിട്ടി സ്വീകരിക്കുകയാണ് ബി.ജെ.പി നേതാക്കൾ ചെയ്തത്.