rahul-gandhi

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. ആയ ശേഷമുള്ള ആദ്യ ഉദ്ഘാടനത്തിലും ചരിത്രം കുറിച്ചു. പട്ടികവർഗ്ഗക്കാർ ഏറെയുള്ള വയനാട്ടിൽ ആ സമൂഹത്തിന് താൻ വലിയ പ്രധാന്യം നൽകുന്നുണ്ടെന്ന സന്ദേശമായാണ് ആദ്യ ഉദ്ഘാടനം തിരഞ്ഞെടുത്തത്. പട്ടികവർഗ്ഗ വിഭാഗത്തിലെ ഏറ്റവും താഴെ തട്ടിലുള്ള പണിയ വിഭാഗത്തിൽ നിന്നുള്ള വയനാട്ടിലെ ആദ്യത്തെ മാധ്യമ പ്രവർത്തകനായ അവനീത് ഉണ്ണിയുടെ ന്യൂസ് പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും ലോഞ്ചിംഗ് ആണ് വയനാട് കളക്ട്രേറ്റിലെ ആസൂത്രണ ഭവനിലെ എം.പി. ഫെസിലിറ്റേഷൻ സെന്ററിൽ രാഹുൽ ഗാന്ധി എം.പി. നിർവ്വഹിച്ചത്.

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആലഞ്ചേരിയിലെ പരേതനായ വാസുവിന്റെയും അമ്മിണിയുടെയും മൂത്ത മകനായ അവനീത് ഒരു ഡിജിറ്റൽ സംരംഭമായാണ് ന്യൂസ് പീപ്പിൾ ആരംഭിച്ച്ത്. കേരള ഭൂഷണം ദിനപത്രത്തിൽ പ്രാദേശിക ലേഖകനായ അവനീത് രണ്ട് വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ പോർട്ടൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒരു മാസം മുമ്പാണ് പ്ലേസ്റ്റോറിൽ നിന്ന് ലഭിക്കുന്ന തരത്തിൽ മൊബൈൽ ആപ്പ് ആരംഭിച്ചത്. മാധ്യമ പ്രവർത്തകർ ചേർന്ന് മാധ്യമ രംഗത്തെ പഠനവും ഗവേഷണവും ലക്ഷ്യമിട്ട് ആരംഭിച്ച മീഡിയ വിംഗ്‌സിന്റെ സാങ്കേതിക സഹായത്തോടെയാണ് അവനീത് സംരംഭം ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിൽ രാഹുലിന്റെ മീഡിയ ടീമിൽ പ്രധാന പങ്ക് വഹിച്ച മാധ്യമ പ്രവർത്തകൻ സി.വി.ഷിബുവിന്റെ ഇടപെടലിനെ തുടർന്ന് വയനാട് ഡി.സി.സി.പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ, സബ് കളക്ടർ എൻ. എസ്.കെ. ഉമേഷ് ,കളക്ട്രേറ്റിലെ എച്ച്.എസ്. ഹനീഫ കല്ലങ്കോടൻ എന്നിവർ പ്രത്യേക താൽപ്പര്യമെടുത്ത് എസ്.പി.ജി.യെ വിവരം ധരിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് എസ്.പി.ജി. എ.ഐ. ജി. എസ്. റോയ് ഉദ്ഘാടനത്തിന് അനുമതി നൽകിയത്. അവനീതിന്റെ പ്രവർത്തനം മാതൃകയാണന്നും പ്രത്യേക അഭിനന്ദനമർഹിക്കുന്നതാണന്നും ഉദ്ഘാടനം നിർവ്വഹിച്ച് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി. സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ , എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ , വയനാട് സബ് കളക്ടർ എൻ. എസ്. കെ. ഉമേഷ്, കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ് സി.വി.ഷിബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.