കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ രാജിവച്ച ബി.ജെ.പി നേതാവിനെതിരെ വേറെയും ആരോപണങ്ങൾ. പാർട്ടി ജില്ലാ ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന നെടുമ്പന ഓമനക്കുട്ടനാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. കൊലപാതക കേസിൽ പ്രതിയായി വിചാരണ നേരിടുന്ന ഇയാൾ നേരത്തെ കൊല്ലത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പാർട്ടി നേതാക്കളുടെ പട്ടികയിൽ കയറിക്കൂടിയത് പാർട്ടിയിൽ തന്നെ പരാതികൾക്ക് ഇടയാക്കിയിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ബി.ജെ.പി ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്തി മുതിർന്ന നേതാക്കളെ അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റിയാണ് നെടുമ്പന ഓമനക്കുട്ടന് ജില്ലാ ആസ്ഥാനത്തെ സംഘടനാ ചുമതലകൾ നൽകിയത്. ഇതിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം മൗന പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഇത് പ്രകടമായിരുന്നു. പാർട്ടിയിലെ വിഭാഗീയതയുടെ പേരിലാണ് ആരോപണങ്ങൾ പുറത്തു വന്നതെങ്കിലും പലതും ശരിയായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.
ബി.ജെ.പി അനുഭാവി കുടുംബത്തിലെ ഒരു സൈനികന് കേരളത്തിലേക്ക് സ്ഥലം മാറ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യയെ തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്തേക്ക് കൊണ്ടുപോയത് ഓമനക്കുട്ടനായിരുന്നു. ഈ യാത്രാ മദ്ധ്യേ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇത് സൈനികൻ തന്നെ ദേശീയ പ്രസിഡന്റിന് അയച്ചുകൊടുത്ത സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ സംഘടന സെക്രട്ടറി എ. പത്മകുമാറിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മിറ്റി ചേർന്നത്. ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പേ നെടുമ്പന ഓമനക്കുട്ടൻ നാടകീയമായി രാജി സമർപ്പിക്കുകയായിരുന്നു. എന്നാൽ വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് ഇപ്പോൾ പരാതി ഉയർന്നുവരാൻ കാരണമായതെന്ന നിലപാടിലാണ് ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്.