dasamoolam-lucifer-versio

സൂപ്പർ സ്‌റ്റാറുകളാണ് സിനിമാ രംഗം അടക്കി വാഴുന്നതെന്ന ധാരണ പൊതുവെ ഇന്ത്യൻ സിനിമാ ലോകത്തുണ്ട്. ആ ധാരണ ശരിയാണെങ്കിലും അല്ലെങ്കിലും സോഷ്യൽ മീഡിയ അടക്കി വാഴുന്ന ചില 'സൂപ്പർതാരങ്ങൾ' നമുക്കുണ്ടെന്ന സത്യം അംഗീകരിച്ചേ മതിയാകൂ'. സ്വയം സൂപ്പർ താരങ്ങളായതല്ല, ട്രോളന്മാരാണ് അവരെ സൂപ്പർ സ്‌റ്ററുകളാക്കിയത്. ഇനി ആരപ്പാ അങ്ങനെ സോഷ്യൽ മീഡിയയിലെ ഈ സൂപ്പർ സ്റ്റാറുകൾ എന്ന് ആലോചിച്ച് നെറ്റി ചുളുക്കും മുമ്പ് പറഞ്ഞേക്കാം ദശമൂലം ദാമു, രമണൻ, മനോഹരൻ മംഗളോദയം, മണവാളൻ, കണ്ണൻ സ്രാങ്ക് തുടങ്ങിയവരാണവർ. സുരാജ് വെഞ്ഞാറമൂടും സലിം കുമാറും ഹരിശ്രീ അശോകനുമെല്ലാം അവിസ്‌മ‌രണീയങ്ങളാക്കിയ ഈ കഥാപാത്രങ്ങളെ ട്രോളന്മാർ ഏറ്റെടുത്തതോടെ അവർ വേറെ ലെവലിലേക്ക് തന്നെ ഉയരുകയായിരുന്നു.

ഇവരിൽ പ്രേക്ഷകരുടെ പ്രിയങ്കരനാരെന്ന് ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയാൻ അൽപം ബുദ്ധിമുട്ടിയേക്കും. എന്നാൽ മുൻതൂക്കം സുരാജിന്റെ ദശമൂലം ദാമുവിനാണെന്നു തന്നെ പറയാം. മമ്മൂട്ടി നായകനായി 2009ൽ പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജിന്റെ കഥാപാത്രമായിരുന്നു ദശമൂലം. റൗഡിയാണെങ്കിലും പേടിത്തൊണ്ടനും സർവോപരി മഹാമണ്ടനും കൂടിയായ ദാമൂ, തിയേറ്ററുകളിൽ പ്രേക്ഷകനെ ചിരിപ്പിച്ചതിന് കണക്കുണ്ടായിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ കാലമായതോടെ ദാമൂ ട്രോളന്മാരുടെ ഇഷ്‌ടതാരമായി മാറുകയായിരുന്നു. ദാമുവിന്റെ ട്രോളുകൾ കണ്ട് സാക്ഷാൽ സുരാജ് തന്നെ പലതവണ ടോളന്മാരെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ ദാമൂ വെറും ദാമൂവല്ല എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ട്രോളന്മാർ. ലൂസിഫറിലെ തീം കടമെടുത്ത് ദശമൂലം ദാമുവിനെ അബ്‌റാം ദാമൂവാക്കി മാറ്റിയിരിക്കുകയാണ് നമ്മുടെ ട്രോളൻസ്. 'ദാമൂ നമ്മൾ വിചാരിച്ചയാളല്ല സാർ' എന്നു തുടങ്ങുന്ന വീഡിയോ പതിവു പോലെ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തി കഴിഞ്ഞു. ലൂസിഫർ ദാമൂ എന്നാണ് പുതിയ വീഡിയോയുടെ പേര്.

വീഡിയോ കാണാം-