air-india

തിരുവനന്തപുരം: വിമാനയാത്രക്കൊള്ള തടയാൻ അടിയന്തര നടപടിവേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിരക്ക് കുറക്കാൻ കമ്പനികളുടെ യോഗം ജൂലെെയിൽ വിളിക്കുമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് കരാള പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനം ചർച്ചചെയ്യാൻ കേരളത്തിൽ എത്തുമെന്നും വ്യോമയാന സെക്രട്ടറി വ്യക്തമാക്കി.

കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്ക് സർവകാല റെക്കോർഡിലാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹ്റിൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കാണ് യാത്രാ നിരക്കും കുതിച്ചു കയറി. ബിസിനസ്, ഫസ്റ്റ് ക്ളാസ് ടിക്കറ്റുകൾ 75,000 രൂപ കടന്നു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടിയ നിരക്കുള്ളത്. ബജറ്റ് എയർലൈൻസുകളായ എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ, സ്‌പൈ‌സ് ജെറ്റ്, എയർ അറേബ്യ തുടങ്ങിയ വിമാനങ്ങൾക്ക് ഈ മാസം ഒമ്പത് വരെ 40,000 രൂപക്ക് മുകളിലാണ് നിരക്ക്.