തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് നൽകി വരുന്ന കെ. വിജയരാഘവൻ പുരസ്കാരത്തിന് പ്രശസ്ത പത്രപ്രവർത്തകനും കേരള മീഡിയാ അക്കാഡമി ചെയർമാനുമായ ആർ.എസ്. ബാബു അർഹനായി.
കേരളകൗമുദി മുൻ അസോസിയേറ്റ് എഡിറ്ററും സൈദ്ധാന്തികനുമായിരുന്ന കെ. വിജയരാഘവന്റെ സ്മരണാർത്ഥം കെ. വിജയരാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്കാരം 20,000 രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണെന്ന് സമിതി പ്രസിഡന്റ് കെ.ജി. പരമേശ്വരൻ നായരും സെക്രട്ടറി വി.എസ്. രാജേഷും അറിയിച്ചു. ഈ മാസം ഒടുവിൽ തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ ചേരുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
ദേശാഭിമാനി മുൻ കൺസൾട്ടന്റ് എഡിറ്ററായ ആർ.എസ്. ബാബു 1978 മുതൽ 40 വർഷം ദേശാഭിമാനിയിൽ പ്രവർത്തിച്ചു. ബാബുവിന്റെ റിപ്പോർട്ടുകളും ലേഖനങ്ങളും രാഷ്ട്രീയ -ഭരണ മേഖലകളിൽ പല ഘട്ടങ്ങളിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടിന്റെ പേരിൽ പ്രസ് ഗാലറി പ്രവേശന പാസ് സ്പീക്കർ നിഷേധിച്ചത് വലിയ ഒച്ചപ്പാട് സൃഷ്ടിക്കുകയും 'പ്രസ് പാസ് കേസ് ' എന്ന പേരിൽ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിന് വഴിവയ്ക്കുകയും ചെയ്തു. മീഡിയ അക്കാഡമി ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു.
മികച്ച റിപ്പോർട്ടിംഗിനുള്ള ശിവറാം അവാർഡ് രണ്ട് തവണ നേടിയ ബാബുവിന് സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ ആക്ടിംഗ് ജനറൽ സെക്രട്ടറി, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ ബാബു പരേതരായ കെ.പി. രാഘവന്റെയും ഭഗ്നിയുടെയും മകനാണ്. പി. ഗിരിജയാണ് ഭാര്യ. നിഥിൻ, നീതു എന്നിവർ മക്കളും ഡോ. മിഥു, സുനിത് എന്നിവർ മരുമക്കളുമാണ്.