കൊച്ചി: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില മെച്ചപ്പെട്ടെന്നും അമ്മയുമായി സംസാരിച്ചെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പൂനൈ വൈറോളജി ലാബിൽ നിന്നുള്ള സംഘം കുട്ടിയെ പരിശോധിച്ചിരുന്നു. പരിശോധനയിൽ വിദ്യാർത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും നിപയുടെ സാന്നിധ്യം ഇല്ലെന്ന് വ്യക്തമായിരുന്നു. അതേസമയം മൂത്രത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ട്.
തലച്ചോറിലും നേരിയ തോതിൽ വൈറസ് ബാധയുണ്ട്. എന്നാൽ ഇത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമെന്ന് ഡോക്ടർ അറിയിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.കുട്ടിയുടെ നിലവിലെ ആരോഗ്യ സ്ഥിതി ഔദ്യോഗികമായി സ്ഥിരീകരിക്കാൻ രണ്ടാംഘട്ട സാമ്പിൾ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നാലുപേരെ ഡിസ്ചാർജ് ചെയ്തതായും മന്ത്രി അറിയിച്ചു. ഇപ്പോൾ ഏഴുപേരാണ് ഐസൊലേഷൻ വാർഡിലുള്ളത്
327 പേർ നിരീക്ഷണത്തിലുണ്ട്. അതിൽ 52 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. നിപ ഭീതി അകലുകയാണെങ്കിലും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ നിപ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി വിവിധയിടങ്ങളിൽ നിന്ന് വവ്വാലുകളുടെ കാഷ്ടവും മൂത്രവുമൊക്കെ ശേഖരിക്കുന്നുണ്ട്. പത്ത് ദിവസത്തിനുള്ളിൽ ഇത് കണ്ടെത്താൻ സാധിക്കുമെന്നാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘത്തിന്റെ പ്രതീക്ഷ.