facebook-post

അയർലൻഡിൽ പ്രസംഗിക്കവേ ഓട്ടിസമുള്ള കുട്ടികളുണ്ടാവാൻ കാരണമാവുന്നത് മാതാപിതാക്കളുടെ പ്രവർത്തി ഫലമാണെന്ന് അഭിപ്രായപ്പെട്ട ഡൊമിനിക് വളമനാലിന്റെ വാക്കുകളെ വിമർശിച്ച് ഡോക്ടർ ജിനേഷ് പി.എസ്. സ്വയംഭോഗം ചെയ്തിരുന്നവർ, മദ്യപിച്ചിരുന്നവർ, പുകവലിച്ചിരുന്നവർ, സ്വവർഗരതി, ബ്ലൂഫിലിം കണ്ടിട്ടുള്ളവർ ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവർക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് ഓട്ടിസം വരും എന്നാണ് അദ്ദേഹം വിദേശ രാജ്യത്തെത്തി പ്രസംഗിച്ചതെന്ന് ഡോക്ടർ കുറിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറഞ്ഞു കൊണ്ട് അത്തരം കുട്ടികളുടെ മാതാപിതാക്കളെ മാനസികമായി പീഡിപ്പിക്കുവാനാണ് ഇത്തരക്കാർ തയ്യാറാവുന്നതെന്നും ഡോക്ടർ കുറിക്കുന്നു.

facebook-post

ഓട്ടിസം ബാധിച്ച കുട്ടിക്കും കുടുംബത്തിനും പിന്തുണ കൊടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അത് മനുഷ്യത്വപരമായ കടമയാണെന്നും ഡോക്ടർ കുറിക്കുന്നു. നിലവിലുള്ള തെറാപ്പി സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് കുട്ടികളെ സ്വയംപര്യാപ്തരാക്കുകയാണ് ചെയ്യേണ്ടത്. അതല്ലാതെ ആത്മീയ വ്യാപാരികൾ മിഥ്യയായ പാപബോധം സൃഷ്ടിച്ചുകൊണ്ട് കുട്ടികളുടെ മാതാപിതാക്കളെ മാനസികമായി പീഡിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധതയാണെന്നും ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അവരുടെ കുഴപ്പം മൂലമാണ് കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതെന്ന കുറ്റപ്പെടുത്തലിലേക്ക് ഇത്തരം പ്രസംഗങ്ങൾ കൊണ്ടെത്തിച്ചേക്കാം. അങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾക്ക് ശക്തി പകരുകയാണ് ഡൊമിനിക് വളമനാലിനെ പോലെയുള്ളവരുടെ വാക്കുകളെന്നും ഡോക്ടർ കുറിക്കുന്നു.