balabhaskar

കൊല്ലം: വയലിനിസ്റ്റ് ബാലഭാസ്‌‌കറിന്റെ മരണത്തിൽ ദുരൂഹതകൾ ഒഴിയുന്നില്ല. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നന്ദുവാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കാർ ഓടിച്ചത് അർജുൻ തന്നെയാണെന്നും, ബാലഭാസ്‌കർ പിൻ സീറ്റിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്നും നന്ദു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിലും ഇയാൾ ഇതേ കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്.

'അപകടം നടന്ന് രണ്ട് മൂന്ന് മിനിട്ട് ആയിട്ടേയുണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്നു ഞാനും സഹോദരനും. പള്ളിപ്പുറം കഴിഞ്ഞപ്പോൾ വാഹനം മരത്തിലിടിച്ചു കിടക്കുകയായിരുന്നു. മുൻവശത്ത് കുഞ്ഞും ചേച്ചിയുമുണ്ടായിരുന്നു. കുഞ്ഞിനെ എടുത്തപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. സീറ്റ് ബെൽറ്റ് എടുത്ത് മാറ്റി ചേച്ചിയെ രക്ഷിച്ചു. വണ്ടി ഓഫ് ചെയ്‌തു.

നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവർക്ക് ബോധമുണ്ടായിരുന്നു. ബാലഭാസ്‌കർക്ക് അനക്കമില്ലായിരുന്നു. ടീഷർട്ടും ബർമുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. അപകടത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങൾ കണ്ടത്', നന്ദു പറയുന്നു. നാലു പേർ കാറിനു സമീപത്തും പതിനഞ്ചോളം പേർ പിന്നിലായും നിൽക്കുന്നതാണ് കണ്ടത്. പരിക്കുള്ളതിനാൽ കാറിൽ നിന്ന് സ്വയം ഇറങ്ങാൻ കഴിയില്ലെന്ന് ഡ്രൈവർ അർജുൻ തന്നോട് പറഞ്ഞതായും നന്ദു വെളിപ്പെടുത്തി.