ലോകോത്തര അത്ഭുതങ്ങളിലൊന്നായി വളർന്നുയരുകയാണ് ഇഗ്‌നീതോ ടെക്‌നോളജീസ്. ഇംഗ്ളണ്ടിലും അമേരിക്കയിലും വാനോളം പെരുമ നേടിയ ഈ സ്ഥാപനത്തിന്റെ നായകൻ ചങ്ങനാശേരിക്കാരനായ ജോസഫ് ഒളശ്ശയാണ്. ഇന്ന്, ഒളശ്ശയെന്ന പേരുകേട്ടാൽ ആരും ഒന്ന് തിരിഞ്ഞുനോക്കും. ജോസഫും ഏതാനും കൂട്ടുകാരും ചേർന്ന് ലണ്ടനിൽ തുടക്കമിട്ട 'ഇഗ്‌നീതോ ടെക്‌നോളജീസ്" ഐ.ടി രംഗത്തെ വൻകിട കമ്പനികളെപ്പോലും അമ്പരിപ്പിച്ച് അത്‌ഭുതകരമായി വളരുന്നു. പ്രവർത്തനം ആരംഭിച്ച 2016ൽ ഇഗ്‌നീതോയുടെ വരുമാനം ഒരു ലക്ഷം ഡോളറിനടുത്തായിരുന്നു. 2017 ൽ 250 ശതമാനത്തിലധികം വളർച്ചയുമായി വരുമാനം കുതിച്ചു.
സ്വയം വളരുകയും പുതിയ സ്‌റ്റാർട്ടപ്പുകൾക്ക് വളരാൻ വേദിയായി (ഇൻകുബേറ്റർ) മുന്നേറുകയുമാണ് ഇഗ്‌നീതോ. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ളണ്ടിൽ ലോകകപ്പ് പൂരം കൊഴുക്കുമ്പോൾ അതിനൊന്നും മനസ് കൊടുക്കാതെ ഇങ്ങ് കൊച്ചിയിലേക്ക് പറന്നെത്തിയിരിക്കുകയാണ് കമ്പനിയുടെ സി.ഇ.ഒയായ ജോസഫ് ഒളശ്ശ. അതിന്റെ രഹസ്യവും ഇഗ്‌നീതോയുടെ വിശേഷങ്ങളും അദ്ദേഹം 'കേരളകൗമുദി"യോട് പങ്കുവയ്‌ക്കുന്നു.
ലണ്ടനാണ് ഇഗ്‌നീതോ ടെക്‌നോളജീസിന്റെ ആസ്‌ഥാനം. കൊച്ചിയിലും അമേരിക്കയിലും സെന്ററുകളുണ്ട്. സ്വന്തം നാടിനോടുള്ള സ്‌നേഹം മാത്രമാണോ കൊച്ചിയിൽ ശാഖ തുറന്നതിന് പിന്നിൽ?
തീർച്ചയായും അല്ല. ഐ.ടി ആശയങ്ങളിലും ഉത്‌പന്ന കയറ്റുമതിയിലും മുന്നിലാണ് ഇന്ത്യ. ഇന്ത്യയിൽ സ്‌റ്റാർട്ടപ്പ് ആശയങ്ങളുടെ മുന്നേറ്റ ഭൂമിയാണ് കൊച്ചി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌റ്രാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രം കൊച്ചിയിലാണ് (സ്‌റ്റാർട്ടപ്പ് വില്ലേജ്). സ്‌റ്റാർട്ടപ്പുകൾക്ക് കേരള സർക്കാർ നല്ല പിന്തുണയാണ് നൽകുന്നത്. ലോക ടൂറിസം ഭൂപടത്തിലെ ശ്രദ്ധേയ കേന്ദ്രമാണ് കേരളമെന്നതും കൊച്ചിയിൽ ശാഖ തുറക്കാൻ കാരണമാണ്.
എന്താണ് കൊച്ചി സെന്ററിന്റെ പ്രത്യേകത?
ഇഗ്‌നീതോയുടെ 'സ്‌റ്റാർട്ടപ്പ് ആക്‌സിലറേറ്റർ കേന്ദ്രം" ആണ് കൊച്ചി ഇൻഫോപാർക്കിൽ തുറന്നത്. 50 പേർ ഇവിടെ ജോലി ചെയ്യുന്നു. മിക്കവരും മലയാളികൾ. ഇഗ്‌നീതോയുടെ 'ഇന്നൊവേഷൻ" സെന്ററാണിത്. ഞങ്ങളുടെ ബുദ്ധികേന്ദ്രം. അടുത്തവർഷം കൊച്ചിയിലെ ജീവനക്കാരുടെ എണ്ണം 250ലേക്ക് ഉയർത്തും. കൂടുതൽ ജീവനക്കാർ എത്തുമ്പോൾ വിശാലമായ ഓഫീസിലേക്ക് മാറും. ഇൻഫോപാർക്കിൽ മികച്ച അടിസ്ഥാനസൗകര്യമുണ്ട്.
ഇഗ്‌നീതോയുടെ പിറവിയെക്കുറിച്ച് പറയാമോ?
'മൈൻഡ് ട്രീ" എന്ന ഐ.ടി കമ്പനിയിയിൽ ദീർഘകാലമായി ജോലിയിലിരിക്കേയാണ്, വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങൾ ഇഗ്‌നീതോയ്ക്ക് തുടക്കമിട്ടത്. 2013ൽ ലണ്ടനിൽ കമ്പനി രജിസ്‌റ്റർ ചെയ്‌തെങ്കിലും ബ്രാൻഡ് ലോഞ്ചിംഗ് നടന്നത് 2016ലാണ്. ആ വർഷം തന്നെ കൊച്ചിയിലും സാന്നിദ്ധ്യമറിയിച്ചു.
സ്‌റ്റാർട്ടപ്പുകൾക്ക് വളരാനുള്ള വേദി കൂടിയാണ് ഇഗ്‌നീതോ. 'ഫ്രൂഗൽ ടെക്‌നോളജി" ആണ് ഇഗ്‌നീതോയുടെ വിജയമന്ത്രം. വിശദമാക്കാമോ?
നൂതന ആശയങ്ങളുള്ള സ്‌റ്റാർട്ടപ്പുകളുടെ വളർച്ചാവേദിയാണ് ഇഗ്‌നീതോ. കമ്പനികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ചെറിയ ബഡ്‌ജറ്റിലും എളുപ്പത്തിലും ലളിതമായ വെബ്, മൊബൈൽ, ക്ളൗഡ് അധിഷ്‌ഠിത സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ആശയമാണ് ഫ്രൂഗൽ ടെക്‌നോളജി. ഇതിനായി മെഷീൻ ലേണിംഗ്, എ.ഐ., എ.ആർ/വി.ആർ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നു. ഇതിന് ആവശ്യക്കാർ ഏറുകയാണ്. കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ജയ്‌ദീപ് പ്രഭുവിൽ നിന്നാണ് ഫ്രൂഗൽ ആശയം ഞങ്ങൾക്ക് ലഭിക്കുന്നത്.
ആരൊക്കെയാണ് പ്രധാന ഇടപാടുകാർ?
ഇംഗ്ളണ്ടിലെ മുൻനിര കമ്പനികളായ സൗത്ത് എൻഡ് ഓൺ സീ, ഓക്‌സ്‌ഫോർഡ് ഇന്നൊവേഷൻ, ഒക്‌ടാവിയ ഹൗസിംഗ്, ടാലന്റ് ഇന്റലിജൻസ്, മസിൽ ആൻഡ് ഫിറ്റ്‌നസ്, റെഡ് റിബൺ, കബേൺ ഹോപ്, അർകസ്, പേകാസോ, അക്കൗണ്ടജിലിറ്റി എന്നിവ ഞങ്ങളുടെ ഉപഭോക്താക്കളാണ്.
കമ്പനിയുടെ വരുമാനത്തെ കുറിച്ച്?
നിലവിൽ 60 ശതമാനം വരുമാനവും ഇംഗ്ളണ്ടിൽ നിന്നാണ്. ബാക്കി അമേരിക്കയിൽ നിന്നും. 2018ൽ 10 ലക്ഷം ഡോളറായിരുന്നു വരുമാനം. 2020ൽ ഇത് 30-40 ലക്ഷം ഡോളറാകുമെന്നാണ് പ്രതീക്ഷ. 2021ൽ ഒരു കോടി ഡോളറിലേക്ക് വരുമാനം ഉയർത്തുകയാണ് ലക്ഷ്യം. ആ വർഷം വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയിൽ നിന്നായിരിക്കും. വലിയ സാദ്ധ്യതകളാണ് അമേരിക്കയിൽ ഞങ്ങൾ കാണുന്നത്.
കേരളത്തിൽ സ്‌റ്റാർട്ടപ്പുകൾ ഒരുപാട് ജനിക്കുന്നുണ്ടെങ്കിലും വിജയ ശതമാനം തീരെക്കുറവാണ്. എന്തായിരിക്കും കാരണം?
മികച്ച ആശയങ്ങളാണ് ഇവിടുത്തെ യുവാക്കൾക്കുള്ളത്. പക്ഷേ, യഥാർത്ഥ ഉപഭോക്താക്കളെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല. ഉപഭോക്താവിന് എന്താണോ വേണ്ടതെന്ന് ആദ്യം തിരിച്ചറിയണം. ഉപഭോക്താവ് നിക്ഷേപം നടത്താൻ ഒരുക്കമാണോ എന്നും അറിയണം. പ്രൊഫഷണലിസം പുലർത്തുക കൂടി ചെയ്‌താൽ വിജയം കൈവരിക്കാനാകും.
എന്താണ് ഇഗ്‌നീതോയുടെ ലക്ഷ്യം?
2030നകം കുറഞ്ഞത് 50 സോഫ്‌റ്റ്‌വെയർ കമ്പനികളെയെങ്കിലും വിജയ സംരംഭങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. അതിൽ നിന്ന്, കുറഞ്ഞത് പത്തു കമ്പനികളുടെ പ്രാരംഭ ഓഹരി വില്‌പനയും (ഐ.പി.ഒ) പ്രതീക്ഷിക്കുന്നു.
ജോസഫ് ഒളശ്ശ (42)
ചങ്ങനാശേരി സ്വദേശികളും ബാങ്ക് ഉദ്യോഗസ്ഥരുമായിരുന്ന ജോസ് ഒളശ്ശ - മേരി ദമ്പതികളുടെ മകനാണ് ജോസഫ് ഒളശ്ശ (ജിജോ). നാലാം ക്ളാസുവരെ ചങ്ങനാശേരിയിൽ പഠനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം കൊൽക്കത്തയിൽ. തിരുവനന്തപുരത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദവും ബംഗളൂരുവിലെ 'സൈം" ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് എം.ബി.എയും സ്വന്തമാക്കി.
ബംഗളൂരുവിൽ ഒരു ചെറിയ സ്‌റ്റാർട്ടപ്പിൽ ഔദ്യോഗിക ജീവിത്തതിന് തുടക്കം. അവിടെ മൂന്നുവർഷം ജോലി ചെയ്‌തശേഷം മൈൻഡ് ട്രീയിലെത്തി. ബംഗളൂരു, ദുബായ്, ലണ്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ മൈൻഡ്‌ട്രീയ്ക്കായി ജോലി ചെയ്‌തു. 2013ൽ ഇഗ്‌നീതോയ്ക്ക് തുടക്കമിട്ടു. ഡോ. ദീപ്‌തിയാണ് ജോസഫിന്റെ ഭാര്യ. ഇവർക്ക് രണ്ടു പെൺമക്കൾ. ആറിലും നാലിലും പഠിക്കുന്നു.