rahul-gandhi

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഭാരത് യാത്ര സംഘടിപ്പിക്കുന്നു. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യാത്ര. ഭാരത് യാത്രയിലൂടെ കോൺഗ്രസ് അദ്ധ്യക്ഷൻ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും ഇതിലൂടെ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് വക്താക്കളെ ഉദ്ധരിച്ചുകൊണ്ട് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ചില സ്ഥലങ്ങളിൽ കാൽനടയായും,ചിലയിടങ്ങളിൽ കാറിലും, പൊതുഗതാഗത സംവിധാനങ്ങളുപയോഗിച്ചുമായിരിക്കും യാത്ര. നേരത്തെ, ഇത്തരത്തിലൊരു യാത്ര തീരുമാനിച്ചിരുന്നെങ്കിലും ചില പ്രശ്‌നങ്ങൾ കാരണം നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ലോക്‌സ‌ഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു യാത്രയ്‌ക്ക് കൂടുതൽ പ്രസക്‌തിയുണ്ടെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്നാണ് സൂചന.

കോൺഗ്രസിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷമായിരിക്കും യാത്ര. ആന്ധ്രപ്രദേശിൽ വൈ.എസ്.ജഗൻമോഹൻ റെഡ്ഡി പതിനാലുമാസം നീണ്ടുനിന്ന പ്രജാ സങ്കൽപ് യാത്ര നടത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ ജഗന് ഏറെ സഹായകമായിരുന്നു. ഈ മാതൃകയിലായിരിക്കും രാഹുലിന്റെ യാത്ര. നേരത്തെ, രാഹുൽ ഗാന്ധി 2017ൽ ഗുജറാത്തിൽ നടത്തിയ യാത്ര തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയ‌ർത്തിയിരുന്നു.