ആരാധകർക്ക് എന്നും ആഘോഷമാണ് സൂപ്പർതാരം മോഹൻലാൽ. സിനിമയിലെ മാസ് സീനുകൾ മുതൽ ജിമ്മിലെ താരത്തിന്റെ വർക്ക് ഔട്ട് വരെ അവർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ഗുരുവായുർ ക്ഷേത്രദർശനത്തിനെത്തിയ ലാലിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു മോഹൻലാൽ ഗുരുവായൂരിൽ എത്തിയത്. കുട്ടിമാണി മെയ്‌ഡ് ഇൻ ചൈനയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി താരം തൃശൂരിലുണ്ട്. ദർശനത്തിനെത്തിയ ചിത്രം ലാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. എന്നാൽ പഴയകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമായി ബോഡി ഫിറ്റ്‌നസിൽ ഏറെ ശ്രദ്ധിക്കുന്നുണ്ട് ലാലെന്ന് വ്യക്തമാകുന്നുവെന്നാണ് ചിത്രത്തിന് താഴെയുള്ള ആരാധകരുടെ കമന്റ്. 'എജ്ജാതി ബോഡി ലാലേട്ടാ' എന്നാണ് മറ്റുചിലരുടെ ചോദ്യം. എന്തായാലും സൂപ്പർതാരത്തിന്റെ ഗുരുവായൂർ ദർശനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി ദർശനം നടത്തിയിരുന്നു. തൃശൂരിൽ ഉള്ളതുകൊണ്ടുതന്നെ മോഹൻലാൽ മോദിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അതുണ്ടായില്ല.