തിരുവനന്തപുരം: അറബിക്കടലിൽ തെക്കുകിഴക്കൻ ഭാഗത്ത് ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാന വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴ ശക്തമാകും. 48 മണിക്കൂറിനകം അതിതീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിനും ലക്ഷ ദ്വീപിനും ഇടയിൽ തീര പ്രദേശങ്ങളിലും തീര സംസ്ഥാനങ്ങളിലും വളരെ ശക്തമായിട്ടുള്ള മഴയ്‌ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചു. കേരളത്തിൽ വിവിധയിടങ്ങളിൽ കനത്ത ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കാലവർഷം കേരളതീരത്ത് ഇന്നലെ കടന്നതായി ഡൽഹിയിൽ നിന്നുള്ള കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടർ മൃത്യുജ്ഞയ് മഹാപാത്രയാണ് അറിയിച്ചത്. കേരളത്തിൽ കാലവർഷത്തിന്റെ മഴ വിവിധ ജില്ലകളിൽ ലഭിച്ചതും അറബികടലിലെ ന്യൂനമർദ്ദസാന്നിധ്യം, പടിഞ്ഞാറൻ കാറ്റോടുകൂടിയ മേഘപാളികൾ എന്നിവയും കണക്കിലെടുത്താണ് കാലാവസ്ഥാകേന്ദ്രം കാലവർഷം എത്തിയത് സ്ഥിരീകരിച്ചത്.48 മണിക്കൂറിനുള്ളിൽ ഇത് വടക്കുകിഴക്കൻ പ്രദേശത്തേക്ക് നീങ്ങും ഇതോടെ സംസ്ഥാനം മുഴുവൻ ശക്തമായ മഴ ലഭിക്കും.10ന് എറണാകുളം, മലപ്പുറം, 11ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, 12ന് എറണാകുളം,കോഴിക്കോട് ജില്ലകളിലുമാണ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലർട്ട് ഒരുജില്ലയിലുമില്ല. 9ന് തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിലും 10ന് ആറ് ജില്ലകളിലും 11ന് നാല് ജില്ലകളിലും 12ന് മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷം എത്തിതയും കഴിഞ്ഞ വർഷത്തെ പ്രളയാനുഭവവും കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശക്തമായ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെവന്യു ഒാഫീസുകളിൽ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാൻ മുൻകരുതൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ജനങ്ങൾക്ക് അറിയിപ്പുകൾ യഥാസമയം നൽകാനും അതോറിറ്റി മുൻകരുതലുകളെടുത്തിട്ടുണ്ട്. അറബികടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനുള്ള സാധ്യതകണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ മേഖലയിലും ആൻഡമാൻ,മാലിദ്വീപ് മേഖലകളിലും മീൻപിടിക്കാൻ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.