ഇന്ന് ചിക്കനേക്കാളും മട്ടനെക്കാളുമൊക്കെ ബീഫ് കഴിക്കാൻ ഇഷ്ടമുള്ളവരാണ് കൂടുതൽ. ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവമാണ് കട്ടലോക്കൽ ബീഫ് ഫ്രൈ. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമൊക്കെ കഴിക്കാൻ പറ്റിയ വിഭവമാണിത്. വളരെ എളുപ്പത്തിൽ കുറഞ്ഞസമയത്തിനുള്ളിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതാണ് ഈ വിഭവത്തിന്റെ ഗുണം.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ -250 ഗ്രാം
സവാള - 1കിലോ
പച്ചമുളക് -250ഗ്രാം
കറിവേപ്പില -ആവശ്യത്തിന്
തക്കാളി - മുക്കാൽ കിലോ
കുരുമുളക് പൊടി- 250ഗ്രാം
ബീഫ് - 2കിലോ
ജീരകപ്പൊടി -3 ടീസ്പൂൺ
മല്ലിപ്പൊടി -3 ടീസ്പൂൺ
തേങ്ങ (അരമുറി)- ചിരകിയത്
മീറ്റ് മസാല - 50 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
ഉലുവ - 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഉലുവ, സവാള, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ശേഷം തക്കാളി ചേർത്ത് വീണ്ടും വഴറ്റുക(പത്ത്-15 മിനിറ്റ്) ശേഷം അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേർക്കുക. മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടിയും, ചിരകിയ തേങ്ങയും ഇതിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മീറ്റ് മസാലയും,കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. മൂന്ന് ടീസ്പൂൺ ജീരകപ്പൊടിയും ഒരു ഗ്ലാസ് ചൂടുവെള്ളവും ഒഴിച്ച് നന്നായി വഴറ്റുക. ഇതിലേക്ക് വൃത്തിയാക്കിവച്ച ബീഫ് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് മല്ലിയിലയും പച്ചമുളകും ചേർത്ത് അലങ്കരിക്കുക.