തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി മറ്റൊരു ദൃക്‌സാക്ഷി. അപകടസമയത്ത് കാറോടിച്ചത് ബാലഭാസ്കറാണെന്നാണ് കെ.എസ്.ആർ.ടി.സി ഡ്രെെവറായ അജിയുടെ വിശദീകരണം. രക്ഷാ പ്രവർത്തനത്തിനെത്തിയപ്പോൾ ഡ്രെെവർ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറാണെന്ന് അജി പറഞ്ഞു.
അപകട സമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം വെള്ള സ്വിഫ്റ്റ് കാർ കണ്ടിരുന്നതായി അജി പറയുന്നു. ആറ്റിങ്ങലിൽ വച്ച് തന്റെ ബസിനെ ഇരുകാറുകളും ഓവർടേക്ക് ചെയ്തതായും അപകടത്തിന് ശേഷം രണ്ടാമത്തെ കാർ കണ്ടില്ലെന്നും അജി കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച് ക്രെെംബ്രാഞ്ചിന് അജി മൊഴി നൽകിയിട്ടുണ്ട്. കാറിനെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ബാലഭാസ്കറായിരിക്കാം വണ്ടിയോടിച്ചതെന്നാണ് അജി നേരത്തെ പറഞ്ഞിരുന്നത്.
നേരത്തെ, അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു ദൃക്‌സാക്ഷി രംഗത്തെത്തിയിരുന്നു. അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നന്ദുവാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കാർ ഓടിച്ചത് അർജുൻ തന്നെയാണെന്നും, ബാലഭാസ്‌കർ പിൻ സീറ്റിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്നുമാണ് നന്ദു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിലും ഇയാൾ ഇതേ കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്.
ഇരുവരും ഒരേസമയത്ത് അപകടമുണ്ടായതിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. അജിയുടെ മൊഴിയിലെയും നന്ദുവിന്റെ മൊഴിയിലേയും ചില കാര്യങ്ങൾ ഒത്തുപോകുന്നുണ്ട്. എന്നാൽ, അപകടത്തിൽപെട്ടവരുടെ വസ്ത്രം സംബന്ധിച്ച കാര്യങ്ങളിൽ ചില ആശയക്കുഴപ്പമുണ്ട്. ഫ്രണ്ട് സീറ്റിലിരുന്ന ആൾ ധരിച്ചത് ജീൻസും ടീ ഷർട്ടുമാണെന്നാണ് അജി മുമ്പ് പറഞ്ഞ മൊഴിയിലുള്ളത്. ഇത്പ്രകാരം വാഹനമോടിച്ചത് അർജ്ജുനായിരിക്കാമെന്ന് നിഗമനത്തിലെത്തിയിരുന്നു.
എന്നാൽ, ബാലഭാസ്‌കർ തന്നെയാണ് കാർഓടിച്ചതെന്ന നിലപാടിലാണ് അജി. കുർത്തയിട്ട ആളാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്നാണ് അജി ഇപ്പോൾ പറയുന്നത്. താൻ കണ്ട കാഴ്ച ഇതായിരുന്നുവെന്നും ഇതാണ് സത്യമെന്നുമാണ് അജി പറയുന്നത്. ബസിലെ കണ്ടക്ടറും ഇതുതന്നെയാണ് സ്ഥിരീകരിക്കുന്നത്. നന്ദുവിന്റെയും അജിയുടെയും മൊഴികൾ തമ്മിൽ വൈരുധ്യങ്ങൾ നിൽക്കുമ്പോൾ തന്നെ മൊഴികളിൽ കൂടുതൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി.