land-phone

നിപ ഭീതിയിലൂടെ കേരളം കഴിഞ്ഞുപോയ ദിവസങ്ങളിൽ ഏറെ ആശങ്കയോടെയാണ് മാദ്ധ്യമങ്ങളിലൂടെ വരുന്ന ഓരോ റിപ്പോർട്ടുകളും ജനം അറിഞ്ഞത്. പൊതുജനത്തിന് ആശ്വാസം പകരാൻ നിപയെ നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുൻനിരയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുണ്ടായിരുന്നു. നിപ ഭീതി തെല്ലൊന്ന് അടങ്ങി എന്ന് കരുതുമ്പോഴും നിപയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുണ്ട്. അത്തരത്തിൽ രാത്രിയിൽ എത്തിയ മൂന്ന് പേരെകുറിച്ചുള്ള ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടർ ഗണേശ് മോഹനാണ് ജൂൺ ഏഴാം തീയതി രാത്രി തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്. നിപയെ തോൽപ്പിക്കുവാൻ നമ്മുടെ മെഡിക്കൽ വിഭാഗവും, ആരോഗ്യമന്ത്രിയും കാണിക്കുന്ന ശുഷ്‌കാന്തിയും അർപ്പണബോധം ഈ പോസ്റ്റിലൂടെ സാധാരണക്കാരനും മനസിലാക്കാനാവും.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

" നമ്മുടെ എല്ലാ രാത്രികളിലെയും കാവൽക്കാർ "
.........

ഇന്നലെ രാത്രി (7/6/19 )അല്പം ആശങ്കപെട്ടു...

ഭീഷണി 🦇 തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോൾ ജില്ലാ ഹെൽത്ത്‌ ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ സർവ്വ സജീകരണങ്ങളുമുള്ള🚑 ആംബുലൻസുകളിൽ എത്തിച്ച മൂന്നു രോഗികൾ മൂർച്ഛിച്ച "നിപ്പാ" രോഗമെന്ന സംശയത്തിൽ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..

ഒന്ന് പതറി,
ആശങ്ക പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ...

വിവരം ഡൽഹിയിൽ ഉള്ള ടീച്ചറോട് പറഞ്ഞു..

" ടെൻഷൻ വേണ്ട ഗണേഷ്.. എല്ലാം ശെരിയാകും, നമ്മുടെ പുതിയ സംവിധാനത്തിൽ ടെസ്റ്റ്‌ ചെയൂ "

ഞാൻ വാച്ചിൽ നോക്കി.

സമയം രാത്രി 9:30

പൂനെ സംഘം ലാബ് പൂട്ടി വിശ്രമിക്കാൻ പോയിരുന്നു...

ഞാൻ അവരെ വിളിച്ചു

ഒരു മടിയും കൂടാതെ അവർ തിരികെ വന്നു.

" ഞങ്ങൾ ടെസ്റ്റ്‌ ചെയ്യാം, പക്ഷെ തീരുമ്പോൾ നേരം വെളുക്കും..

സാർ ഞങ്ങൾക്ക് ഭക്ഷണവും, തിരികെ പോകാൻ ഒരു വാഹനവും റെഡി ആക്കി തരുക "

ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോൾ എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂൺ⛈️ മാസത്തിലെ പ്രളയം പഠിക്കാൻ സെപ്റ്റംബർ മാസത്തിൽ വരുന്ന സംഘങ്ങളായിരുന്നു മനസ്സിൽ.

പക്ഷെ ഇത് Dr റീമ സഹായിയുടെ നേതൃത്വത്തിൽ 3 മിടു മിടുക്കികൾ.

നിപ്പയുടെ 'വാപ്പാ' വയറസുകളെ കൊണ്ട് അമ്മാനം ആടുന്നവർ.... 🥽

" കൺസിഡർ ഇറ്റ് ടൺ " ഞാൻ പറഞ്ഞു..

Dr മനോജ്‌ ഞൊടിയിടയിൽ അവർക്ക്‌ കേക്കും , ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു.

രോഗികളുടെ സാമ്പിളുകൾ അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയൻ (എന്റെ സഹപാഠിയുടെ അനുജൻ 💗) Dr നിഖിലേഷ് ലാബിഎത്തിക്കുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു.

നാലഞ്ചു ദിവസത്തെ ക്ഷീണം കാരണം ഞാൻ മെല്ലെ മയങ്ങി വീണു...

വെളുപ്പിന് 3:30 ആയപ്പോൾ എന്റെ ഫോണിന്റെ ബസ്സർ കേട്ടു ഞെട്ടി ഉണർന്നു..

" Dr റീമ ഹിയർ, ഓൾ യുവർ സാംപ്ൾസ് ആർ നെഗറ്റീവ് "

ഞാൻ ഉച്ചത്തിൽ ചിരിച്ചു,
ആശ്വാസ ചിരി...

ടീച്ചറോട് പറയണം...

ഈ സമയം പറയണോ അതോ നേരം പുലരുന്ന വരെ കാക്കണോ??

വിളിച്ചു നോക്കാം.

അങ്ങനെ രാത്രി 3:40 റിസൾട്ട്‌ പറയാൻ ഞാൻ ടീച്ചറെ വിളിച്ചൂ...

ഒറ്റ റിങ് തീരും മുൻപേ ടീച്ചർ ഫോൺ എടുത്തൂ..

" ഗണേഷ് പറയൂ, റിസൾട്ട്‌ നോർമൽ അല്ലേ? "

" അതേ ടീച്ചർ "

" ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണെ "

" ശെരി ടീച്ചർ... ഗുഡ് നൈറ്റ് "

ഞാൻ ഫോൺ വെച്ചു...

ആയിരക്കണക്കിന് കാതങ്ങൾ അകലെ, തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസൾട്ട്‌ അറിയാൻ ഉണർന്നിരിക്കുന്ന,
ഫോൺ ഒറ്റ റിങ്ങിൽ എടുക്കുന്ന ആരോഗ്യ മന്ത്രി.. !!

അത്താഴം കഴിക്കാതെ അന്യ നാട്ടിൽ നട്ട പാതിരായ്ക്ക് നിപ്പാ വൈറസിനെ പരതുന്ന 3 ധൈര്യശാലി പെണ്ണുങ്ങൾ.

കോഴിക്കോട് നിന്നും വന്ന് ഒരാഴ്ച്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്തു രോഗികൾക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താൻ ഇവിടെ ക്യാമ്പ് ചെയുന്ന Dr ചാന്ദ്‌നി....

ഇവരൊക്കെയാണ് മരണ താണ്ഡവങ്ങളിൽ നിന്ന് ഈ നാടിനെ രക്ഷിക്കാൻ കാവൽ നിൽക്കുന്നത്... 💗

-G.M🌻

(പിന്നെ ഈ യുദ്ധത്തിൽ നമ്മെ വിജയിപ്പിക്കാൻ അക്ഷീണ പരിശ്രമം ചെയുന്ന... പുണെയിൽ നിന്നും കൊണ്ട് വന്ന "നിപ്പാ ടെസ്റ്റ്‌ " മെഷീൻ...

ഈ യുദ്ധം മഹാ മരണത്തിനെതിരെ മനുഷ്യനും യന്ത്രങ്ങളും ചേർന്ന് ഒരുക്കുന്ന വിശാല സഖ്യമാണ് " )