sabarimala-cpim-central-

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പാർട്ടിക്ക് നഷ്‌ടമായ വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരണമെന്ന് സംസ്ഥാന ഘടകത്തോട് കേന്ദ്രകമ്മിറ്റി നിർദേശം. ഇതിന് ആവശ്യമായ നടപടികൾ സംസ്ഥാന നേതൃത്വത്തിന് സ്വീകരിക്കാമെന്നും കേന്ദ്രകമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 11 ഇന കർമ്മ പരിപാടിയ്‌ക്ക് പാർട്ടി അംഗീകാരം നൽകി കഴിഞ്ഞു. ശബരിമലയുടെ പേരിൽ കേരളത്തിൽ നിന്നുള്ള അനുഭാവികളുടെ വോട്ട് പാർട്ടിയ്‌ക്ക് നഷ്‌ടമായിട്ടുണ്ട്. ഇതു വീണ്ടെടുക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സംസ്ഥാനഘടകത്തോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

ജനകീയ അടിത്തറ വീണ്ടെടുക്കാനാണ് കർമ്മപരിപാടി ആവിഷ്‌കരിക്കുന്നത്. നഷ്‌ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണു പ്രധാന ലക്ഷ്യം. പാർട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി ബംഗാൾ ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ എതിരാളികളെ നേരിടാൻ തക്ക സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ലെന്നും ബംഗാൾ ഘടകം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം കനത്ത പരാജയമാണ് സി.പി.എമ്മിനു നേരിടേണ്ടി വന്നത്. ബംഗാളിലും ത്രിപുരയിലും കനത്ത തോൽവി ഏറ്റുവാങ്ങിയതും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.