accident
പാലക്കാട് കണ്ണിശേരിയുണ്ടായ വാഹനാപകടത്തിൽ തകർന്ന ആംബുലൻസ്

പാലക്കാട്: പാലക്കാട് തണ്ണിശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന ആംബുലൻസും മീൻ കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച് ആംബുലൻസ് ഉണ്ടായിരുന്ന എട്ട് പേരും തൽക്ഷണം മരിച്ചു. പട്ടാമ്പി സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീർ പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ, ഷാഫി എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ സൂചന നൽകുന്നു.

വിനോദസഞ്ചാരത്തിനായി എത്തിയ പട്ടാമ്പി സ്വദേശികളായ അഞ്ചംഗ സംഘത്തിന്റെ വാഹനം ഇന്ന് ഉച്ചയോടെ നെല്ലിയാമ്പതിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് ഇവരെ നെന്മാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റുകളില്ലെങ്കിലും തുടർ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിനായി നെല്ലിയാമ്പതിയിൽ നിന്നും ചില ബന്ധുക്കളുമെത്തിയിരുന്നു. ഇവരും പരിക്കേറ്റവർക്കൊപ്പം ആംബുലൻസിൽ കയറി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ മിനിലോറി ആംബുലൻസിനെ ഇടിച്ചുതെറിപ്പിച്ചത്. ആംബുലൻസിലുണ്ടായിരുന്നവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് വിവരം.

അപകടമുണ്ടായത് സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമല്ലെന്നും മീൻ ലോറി അമിത വേഗത്തിലായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇരുവാഹനങ്ങളും നേർക്ക് നേർ ഇടിച്ചു കയറി. അപകടത്തിൽ ആംബുലൻസിന്റെ എഞ്ചിൻ വരെ തകർന്ന നിലയിലാണ്. ലോറിയുടെ മുൻഭാഗവും ഏതാണ്ട് തകർന്നു.