കൊൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ സന്ദേശ്കലിയിൽ
തൃണമൂൽ - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും വെടിവയ്പിലും എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പാർട്ടികളിലെയും നിരവധി പ്രവർത്തകരെ കാണാതായതായി പൊലീസ് പറഞ്ഞു. സംഘർഷത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കൊല്ലപ്പെട്ട എല്ലാവരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബി.ജെ.പി പ്രവർത്തകരായ പ്രദീപ് മൊണ്ഡൽ, സുകന്ത മൊണ്ഡൽ, ശങ്കർ മൊണ്ഡൽ, തൃണമൂൽ പ്രവർത്തകനായ ഖയൂം മൊല്ല എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
പർഗനാസിലെ നസത് മേഖലയിൽ ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച സംഘർഷം ഇന്നലെ വൈകിയും തുടരുന്നതായാണ് റിപ്പോർട്ട്. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്ത് കൊടികൾ സ്ഥാപിച്ചത് നീക്കംചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തങ്ങളുടെ കൊടികൾ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത അഞ്ച് ബി.ജെ.പി പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സയന്തൻ ബസു ആരോപിച്ചു. അതേസമയം തങ്ങളുടെ ആറ് പ്രവർത്തകരെ കാണാനില്ലെന്ന് തൃണമൂൽ ആരോപിച്ചു.
ബംഗാളിലെ സ്ഥിതിഗതികൾ പാർട്ടി അദ്ധ്യക്ഷൻകൂടിയായ അമിത് ഷായെ അറിയിക്കാൻ ബി.ജെ.പി നേതാവ് മുകുൾ റോയിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി.
പ്രശ്നം കേന്ദ്രസർക്കാർ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറി കൈലാഷ് വിജയവർഗീയ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടി ബി.ജെ.പി അപ്രതീക്ഷിത നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് പലയിടങ്ങളിലായി ബി.ജെ.പി - തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷം രൂക്ഷമായത്.