narendra-modi

ഗുരുവായൂർ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ ഗീതയിലൂടെ തന്നത് പോലൊരു ഉറപ്പാണ് കേരളത്തിലെ പ്രവർത്തകർക്ക് നൽകിയതെന്നും അതിനാൽ ഇനി ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. തന്റെ മണ്ഡലമായ വാരണസിപോലെയാണ് കേരളമെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തെ തൊടുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിയെ ശോഭ സുരേന്ദ്രൻ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. കേന്ദ്ര സഹായം ആവശ്യമുള്ള പദ്ധതികൾ അവതരിപ്പിച്ചു പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള സുവർണ്ണാവസരം പിണറായി വിജയൻ പാഴാക്കിയെന്ന് അവർ ആരോപിച്ചു. ഒരു മൂന്നാംകിട പാർട്ടികാരനായി മുഖ്യമന്ത്രി അധഃപതിച്ചതിലൂടെ നഷ്ടം കേരളത്തിനു തന്നെയാണെന്നും ശോഭ സുരേന്ദ്രൻ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മോദിജി വന്നു, കണ്ടു, കേരളീയരെ കീഴടക്കി.
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ സംഭവിച്ചത് അതാണ്. 'പ്രധാനമന്ത്രി ചോർ ഹേ' എന്നാണല്ലോ രാഹുൽ ഗാന്ധിയുടെ മുറവിളി. അതേ, ചോരനാണ്, ജനഹൃദയങ്ങളുടെ ചോരൻ. തന്റെ മണ്ഡലം പോലെ പ്രിയപ്പെട്ടതാണ് കേരളവും, കേരളത്തിലെ ജനങ്ങളുമെന്ന് ഹൃദയത്തെ തൊടുന്ന ഭാഷയിൽ അദ്ദേഹം മലയാളികളോട് പറഞ്ഞു. മുണ്ടുടുത്ത്, മലയാളിയെ പോലെ മേൽമുണ്ടും തോളിലിട്ട്, മലയാളത്തിൽ അഭിവാദ്യവും ചെയ്ത് മോദിജി മലയാളികളുടേയും മുത്തായി മാറി.നമ്മുടെ പ്രവർത്തകർ ഇനി ഭയപ്പെടേണ്ടതില്ല. ഭഗവാൻ ഗീതയിലൂടെ തന്നത് പോലൊരു ഉറപ്പാണ്, പ്രധാനമന്ത്രി നമുക്ക് നൽകിയിട്ട് മടങ്ങിയത്.

പക്ഷേ, നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വർഗ്ഗസ്വഭാവം കാട്ടി. പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ കാണാൻ വരാതെ കടകമ്പള്ളിയെ മാത്രം അയച്ച് ഭരണഘടനാ ബാധ്യത നിറവേറ്റിയെന്നു വരുത്തി. കേരളത്തിന്റെ വികസന പ്രശ്നങ്ങൾ, കേന്ദ്ര സഹായം ആവശ്യമുള്ള പദ്ധതികൾ എന്നിവയൊക്കെ അവതരിപ്പിച്ചു പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള സുവർണ്ണാവസരം പിണറായി ഒരു മൂന്നാംകിട പാർട്ടികാരനായി അധഃപതിച്ചതിലൂടെ കളഞ്ഞുകുളിച്ചു. നഷ്ടം കേരളത്തിനു തന്നെ. കേഴുക, പ്രിയ നാടേ..