bud

കൊളംബോ: മാലദ്വീപ് സന്ദർശനത്തിനുശേഷം ഇന്നലെ രാവിലെ ശ്രീലങ്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കും ഭീഷണിയായ ഭീകര പ്രവർത്തനത്തിനെതിരെ ഒന്നിച്ചു പോരാടാൻ സിരിസേനയുമായുള്ള ചർച്ചയിൽ തീരുമാനിച്ചതായി മോദി ട്വീറ്റ് ചെയ്‌തു.

ഈസ്റ്റർ ദിനത്തിലെ ചാവേറാക്രമണത്തിനുശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്‌ട്രത്തലവനാണ് മോദി.

ബണ്ടാരനായകെ വിമാനത്താവളത്തിൽ ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ മോദിയെ സ്വീകരിച്ചു. ലങ്കൻ പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്സെ, തമിഴ് നാഷണൽ അലയൻസ് നേതാക്കൾ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.

ഭീകരാക്രമണം നടന്ന സെന്റ് ആന്റണീസ് പള്ളി സന്ദർശിച്ച മോദി, കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ അദ്ദേഹം മരത്തൈ നടുകയും ചെയ്തു. കനത്ത മഴയത്ത് സിരിസേന കുടപിടിച്ചാണ് മോദിയെ ആനയിച്ചത്. ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലെത്തിയ മോദി ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനായി പോയി.

"ശ്രീലങ്ക ഉയിർത്തെഴുന്നേൽക്കും. ഭീകരർക്ക് ശ്രീലങ്കയുടെ കരുത്ത് ചോർത്തിക്കളയാനാകില്ല. ഇന്ത്യയുടെ എല്ലാ പിന്തുണയും ശ്രീലങ്കയിലെ ജനങ്ങൾക്കുണ്ടാകും."- മോദി ട്വീറ്റ് ചെയ്തു.