പാലക്കാട്: നാടിനെ ആകെ നൊമ്പരപ്പെടുത്തിയ വാർത്തയാണ് ഉച്ചതിരിഞ്ഞ് കേരളം കേട്ടത്. തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടുപേരാണ് മരിച്ചത്. നെന്മാറയിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. മീൻ കയറ്റിവന്ന ലോറി ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപതിയിലേക്ക് കൊണ്ടുപോയവരും അപകടത്തിൽ പെട്ടുവെന്നത് വിധി വൈപരീത്യമാണ്.
ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. നെന്മാറയിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. മരിച്ചവരിൽ പട്ടാമ്പി സ്വദേശികളായ നാസർ, ഫവാസ്, സുബൈർ എന്നിവരെ തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഏഴുപേർ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളാണ്. ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീറാണ് എട്ടാമത്തെ ആൾ. മരിച്ചവരിൽ രണ്ട് കുട്ടികളുണ്ടെന്നും റിപ്പോർട്ടുണ്ട്.
വിടാതെ പിടികൂടി മരണം
ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചു പേർ. ഇവർ വന്നിരുന്ന കാർ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. തുടർന്നു പരിക്കേറ്റവരെ നാട്ടുകാരാണ് കെ.എസ്.ആർ.ടി.സി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്കാനിംഗ് ഉൾപ്പടെയുള്ള കൂടുതൽ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ആദ്യ അപകടത്തിൽ പരിക്കേറ്റവരുടെ രണ്ട് ബന്ധുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.