ബൈക്കിലേറി ദീർഘദൂര യാത്ര പോകാൻ കൊതിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. ഹൈവേയിലൂടെ, 100 കിലോമീറ്ററിനുമേൽ വേഗത്തിലുള്ള ക്രൂസിംഗ് അവരെ ഹരംകൊള്ളിക്കുന്നു. ഇത്തരക്കാരെ ലക്ഷ്യമിട്ട് മികവുറ്റ പെർഫോമൻസും അതിരുകളില്ലാത്ത ത്രില്ലും സമ്മാനിക്കാൻ സുസുക്കി ഒരുക്കിയ പുത്തൻ മോഡലാണ് ജിക്‌സർ എസ്.എഫ് 250. അനുദിനം വളരുന്ന 250 സി.സി ശ്രേണിയിൽ സുസുക്കിയുടെ തിരിച്ചുവരവിന് കൂടിയാണ് പുത്തൻ ജിക്‌സർ കളമൊരുക്കുന്നത്.
2014ൽ ഇനാസുമ എന്ന മോഡൽ ഈ വിഭാഗത്തിൽ കമ്പനി ഇറക്കിയെങ്കിലും ശ്രദ്ധ നേടിയിരുന്നില്ല. പെർമോഫൻസിലും രൂപകല്‌പനയിലും മികവ് പുലർത്തിയെങ്കിലും മൂന്നുലക്ഷം രൂപയ്‌ക്കുമേലുള്ള വിലയാണ് ഇനാസുമയ്ക്ക് തിരിച്ചടിയായത്. അതിൽനിന്നെല്ലാം പാഠമുൾക്കൊണ്ടാണ പുത്തൻ ജിക്‌സറിന്റെ നിർമ്മാണം. ആകർഷകമാണ് രൂപകല്‌പന. പെർഫോമൻസിന് ഫുൾമാർക്ക് നൽകാം. എക‌്‌സ്ഷോറൂം വില 1.71 ലക്ഷം രൂപ. ആദ്യകാഴ്‌ചയിൽ തന്നെ മനസിലുടക്കുന്ന, വ്യത്യസ്‌തവും കരുത്തുറ്റതും സ്ർപോർട്ടീയുമായ രൂപമാണ് ജിക്‌സർ എസ്.എഫ് 250ന്.
ഇന്ത്യൻ വിപണിയെ മനസിൽക്കണ്ട്, ഇന്ത്യയ്ക്ക് അനുയോജ്യമായ രീതിയിൽ ഇന്ത്യയിൽ തന്നെയാണ് നിർമ്മാണമെന്നതും പുതിയ ജിക്‌സറിന്റെ മികവാണ്. കൊത്തിവച്ചതുപോലെയുള്ള ഫെയറിംഗ്, നൂതനമായ എൽ.ഇ.ഡി ഹെഡ്‌ലൈറ്ര്, സ്‌പ്ളിറ്റ് സീറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇരുവശത്തുമുള്ള വലിയ ട്യൂബ്‌ലെസ് ടയറുകളിലെയും ഡിസ്‌ക് ബ്രേക്കുകൾ, എൽ.ഇ.ഡി ടെയ്ൽലൈറ്ര്, എൽ.സി.ഡി ഇൻസ്‌ട്രുമെന്റ് പാനൽ, പ്രീമിയം ലുക്കുള്ള ട്വിൻ മഫ്ളർ - ഡബിൾ ബാരൽ എക്‌സ്‌ഹോസ്‌റ്റ്, ഹാൻഡിൽ ബാറിലെ ക്ളിപ്പുകൾ എന്നിവ ബൈക്കിനെ മനോഹരമാക്കുന്നു. മികച്ച റീഡബിലിറ്റിയുള്ള ഇൻസ്‌ട്രുമെന്റ് സ്‌ക്രീനിൽ സ്‌പീഡ്, ഗിയർ ഇൻഡിക്കേഷൻ, ക്ളോക്ക് തുടങ്ങിയവയുണ്ട്.
സുസുക്കിയുടെ പുതിയ 4-സ്ട്രോക്ക്, 1- സിലിണ്ടർ, ഓയിൽ കൂളായ, എസ്.ഒ.എച്ച്.സി, 4-വാൽവ്, 249 സി.സി എൻജിനാണ് ജിക്‌സർ എസ്.എഫ് 250നുള്ളത്. 9,000 ആർ.പി.എമ്മിൽ 26.5 പി.എസ് ആണ് എൻജിന്റെ കരുത്ത്. ഉയർന്ന ടോർക്ക് 7,500 ആർ.പി.എമ്മിൽ 22.6 ന്യൂട്ടൺ മീറ്റർ (എൻ.എം). ഗിയറുകൾ ആറ്. രണ്ടുമീറ്ററിലേറെ നീളമുള്ള വലിയ ബൈക്ക് തന്നെയാണ് പുതിയ ജിക്‌സർ. ഒരുമീറ്ററിനുമേൽ ഉയരവുമുണ്ട്. 1,345 എം.എം ആണ് വീൽബെയ്‌സ്. 165 എം.എം ഗ്രൗണ്ട് ക്ളിയറൻസ് മികച്ചതാണ്. മൊത്തം ഭാരം 161 കിലോഗ്രാം. ഇന്ധനടാങ്കിന്റെ ശേഷി 12 ലിറ്റർ.
ഉയർന്ന വേഗതയിലും റൈഡർക്ക് മികച്ച കൺട്രോൾ നൽകുന്ന വിധമാണ് റൈഡിംഗ് പൊസിഷൻ. ബൈക്ക് ശബ്ദകോലാഹലമുണ്ടാക്കുന്നില്ല എന്നതും മികവാണ്. മികച്ച ബ്രേക്കിംഗിനായ ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കിന് പുറമേ ഡ്യുവൽ ചാനൽ എ.ബി.എസുമുണ്ട്. ഹോണ്ടയുടെ സി.ബി.ആർ 250ആർ ആണ് സുസുക്കി ജിക്‌സർ എസ്.എഫ് 250യ്ക്ക് വിപണിയിലെ പ്രധാന എതിരാളി.