ss

വർക്കല: റെയിൽവേ പാലത്തിലെ ട്രാക്കുകൾക്കിടയിലെ വിടവ് അപകടങ്ങൾക്ക് കാരണമാകുന്നു. വിടവിലൂടെ മെറ്റൽ കഷണങ്ങൾ അടിപ്പാത റോഡിലേക്ക് തെറിച്ച് വീഴുന്നതാണ് അപകടങ്ങളുണ്ടാകുന്നത്. തീവണ്ടി കടന്നുപോകുന്ന സമയത്താണ് മെറ്റലുകൾ താഴേക്ക് വീഴുന്നത്.

കഴിഞ്ഞ മാർച്ച് മാസത്തിൽ അടിപ്പാതയിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് മെറ്റൽ കഷണങ്ങൾ വീണ് പരിക്കേറ്റിരുന്നു. മേൽവെട്ടൂർ സ്വദേശി അനിൽകുമാറിന്റെ തലയിലും കാലിലുമാണ് മെറ്റലുകൾ പതിച്ചത്. തീവണ്ടി കടന്നുപോയപ്പോഴാണ് മേൽപ്പാലത്തിലെ വിടവിലൂടെ മെറ്റൽ കഷണങ്ങൾ താഴേക്ക് വീണത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തീവണ്ടികൾ വേഗതയിൽ കടന്നുപോകുമ്പോഴാണ് അടിപ്പാത റോഡിലേക്ക് മെറ്റലുകൾ വീഴാറുള്ളത്. മുൻപും ഇത്തരത്തിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. ട്രാക്കുകൾക്കിടയിലെ സ്ലാബുകളെല്ലാം ദുർബലമാണ്. എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന സ്ഥിതിയിലുമാണ്.

മഴക്കാലത്ത് വിടവുകളിലൂടെ വെള്ളം അടിപ്പാതയിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്ത് വീഴാറുണ്ട്. റെയിൽവേ ട്രാക്കിലെ മലിനജലമാണ് ഒലിച്ച് യാത്രക്കാരുടെ മേൽ വീഴുന്നത്. പാലത്തിലെ അപകടസാധ്യതയെക്കുറിച്ച് ഡി.ആർ.എമ്മിനുൾപ്പെടെ യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്. വർക്കല റെയിൽവേ സ്റ്റേഷനിൽ ലഭിച്ച പരാതികൾ എൻജിനിയറിംഗ് വിഭാഗത്തിനും കൈമാറിയിട്ടുണ്ട്. എന്നാൽ അപകടം ഒഴിവാക്കാനാവശ്യമായ നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല.