fake-document-case

കൊച്ചി : കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ സ്ഥലമിടപാടിൽ ആരോപണം ഉന്നയിച്ച ഫാ. പോൾ തേലക്കാട്, ഫാ. ജോസ് പുതുശേരി എന്നിവരുൾപ്പെടെ 15 വൈദികരുടെ അറിവോടെയാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് കാലടി മറ്റൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ആന്റണി പൂതവേലിൽ ആവർത്തിച്ചു. കർദ്ദിനാളിനെതിരെ ഒരുവിഭാഗം വൈദികർ നടത്തുന്ന പ്രവർത്തനങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കണ്ടില്ലെന്ന് നടിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈദികർക്കെതിരെ ചാനൽ അഭിമുഖത്തിൽ ആരോപണം ഉന്നയിച്ചതിന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകി​യ മറുപടിയിലാണ് ഫാ. ആന്റണി ആരോപണങ്ങൾ ആവർത്തിച്ചത്.

ശ്രീലങ്കയിൽ ക്രൈസ്തവർ കൊല്ലപ്പെട്ടപ്പോൾ പോലും വിളിക്കാത്ത അടിയന്തരയോഗം താൻ ആരോപണം ഉന്നയിച്ച ദിവസം തന്നെ ചേർന്നത് ദുരൂഹവും സംശയകരവുമാണ്.

സ്ഥലമിടപാട് വിവാദം ആളിക്കത്തിച്ചതിന്റെ മുൻനിരയിൽ ഫാ. പോൾ തേലക്കാട്, ഫാ. ജോസ് പുതുശേരിൽ തുടങ്ങിയ വൈദികരുമുണ്ട്. വിഷയം റോമിലെത്തിക്കാൻ നിരവധി ശ്രമങ്ങൾ അവർ നടത്തി. അങ്കമാലിയിലെ സുബോധ പാസ്റ്ററൽ സെന്ററിൽ വച്ചും കർദ്ദിനാളിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തി.

ഫാ. തേലക്കാടിനെ രക്ഷിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ഏപ്രിൽ 29 ന് ഒരു വക്കീലാഫീസിൽ നടന്ന ഗൂഢാലോചനയ്ക്ക് അരമനയുടെ പരോക്ഷമായ അനുമതിയുണ്ടായിരുന്നു. സഭയെ അപകീർത്തിപ്പെടുത്തി മാദ്ധ്യമങ്ങളിൽ ഫാ. തേലക്കാട് ലേഖനങ്ങൾ എഴുതിയപ്പോഴാണ് സോഷ്യൽ മീഡിയയിൽ താൻ പ്രതികരിച്ചത്. കർദ്ദിനാളിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിയാതെ വന്നപ്പോഴാകാം വ്യാജരേഖ നിർമ്മിച്ചത്.

വ്യാജരേഖയുടെ പകർപ്പുകൾ മാസങ്ങളായി ചില വൈദികരുടെ കൈയിലുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കർദ്ദിനാളിനെതിരെ പരസ്യമായി പ്രതികരിച്ച വൈദികർക്കെതിരെ വത്തിക്കാൻ ആവശ്യപ്പെട്ടിട്ടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നടപടി സ്വീകരിച്ചില്ല. അതിരൂപതയിലെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മയും കെടുകാര്യസ്ഥതയും തനിക്കറിയാം.

സഭയ്ക്കെതിരെ നിലപാടെടുത്ത ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ബെന്നി മാരാംപറമ്പിൽ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. അച്ചടക്കത്തിന്റെ ഭീഷണി മുഴക്കി നിശബ്ദനാക്കിയാലും ആയിരക്കണക്കിന് വിശ്വാസികൾ രംഗത്തുവരുമെന്നും അദ്ദേഹം വിശദീകരണത്തിൽ പറയുന്നു.