ന്യൂഡൽഹി: കത്തികൊണ്ട് കുത്തിക്കീറിയാലും മുറിയാത്ത ജ്യൂസ് പാക്കറ്റ്, നിലത്ത് വലിച്ചെറിഞ്ഞാലും ചുറ്റിക കൊണ്ടടിച്ചാലും പൊട്ടാത്ത മുട്ട, ചവിട്ടിയൊടിച്ചാലും ഒടിയാത്ത കാരറ്റ്...ഏതെങ്കിലും ടിക്ടോക് വീഡിയോയിലെ ചിരിപ്പിക്കുന്ന ദൃശ്യങ്ങളാണെന്ന് കരുതിയെങ്കിൽ തെറ്റി, സിയാച്ചിനിലെ സൈനികരുടെ ഭക്ഷണവിശേഷങ്ങളാണിവ. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ തണുപ്പിന്റെ ഈ വിചിത്രകഥയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് ഇന്ത്യൻ സൈനികർ തന്നെയാണ്. ''മൈനസ് 40 മുതൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ലെ"ന്ന വാക്കുകളോടെ സൈനികർ പങ്കുവച്ച വീഡിയോയ്ക്ക് വൻവരവേൽപാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്.
പാറ പോലെ ഉറച്ചിരിക്കുന്ന ജ്യൂസ് പായ്ക്കറ്റ് വളരെ കഷ്ടപ്പെട്ട് കത്തികൊണ്ടു കീറി പുറത്തെടുക്കുന്നതും, ചുറ്റിക കൊണ്ട് മുട്ട പൊട്ടിക്കാൻ നോക്കുന്നതും പരാജയപ്പെടുന്നതും, പിന്നീട് മേശയിലേക്ക് മുട്ടയെടുത്തെറിയുന്നതും സവാളയും തക്കാളിയും ഇഞ്ചിയും ഉരുളക്കിഴങ്ങുമൊക്കെ മുറിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. സിയാച്ചിനിലെ ജീവിതം വളരെ ബുദ്ധിമുട്ടായിരിക്കുന്നു എന്ന് ഇടയ്ക്കൊരു സൈനികൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.
സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിൻ പട്ടാളക്യാംപ് സ്ഥിതിചെയ്യുന്നത്.
മൈനസ് 60 ഡിഗ്രിയാണ് നിലവിലെ ഇവിടത്തെ താപനില. കാമ്പുകളെല്ലാം മഞ്ഞുമൂടിയ അവസ്ഥയിലാണുള്ളത്.