news

1.തിരുവനന്തപുരം വിമാനത്താവളം അദാനി എന്റര്‍പ്രൈസസിന് നടത്തിപ്പിനു നല്‍കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാനാവില്ല. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കാനിരിക്കെയാണ് സംസ്ഥാനത്തിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. തിരുവനന്തപുരമടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അമ്പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.
2.അതിനിടെ അന്താരാഷ്ട്ര വിമാനയാത്രാ നിരക്കുകള്‍ കുതിച്ചുയരുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോലയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടു. ഈദ് അവധിക്ക് പ്രവാസിമലയാളികള്‍ക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താന്‍ വലിയ നിരക്ക് നല്‍കേണ്ടിവന്നതായി മുഖ്യമന്ത്രി വ്യോമയാന സെക്രട്ടറിയെ അറിയിച്ചു. നിരക്ക് പരിധിവിട്ടുയര്‍ന്നോ എന്ന് കേന്ദ്രം നിരീക്ഷിക്കും.
3.അടുത്തമാസം വ്യോമയാന കമ്പനികളുടെ യോഗം വിളിക്കും.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെ വികസന ചര്‍ച്ചയ്ക്ക് പാര്‍ലമെന്റ് സമ്മേളനശേഷം വ്യോമയാന സെക്രട്ടറി കേരളത്തിലെത്തും. കണ്ണൂര്‍ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ എയര്‍ ഇന്ത്യ സര്‍വ്വീസും ബജറ്റ് സര്‍വ്വീസും അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
4.ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മാലിയുടെയും ശ്രീലങ്കയുടെയും പിന്തുണ ഉറപ്പാക്കി പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ വിദേശ പര്യടനം അവസാനിച്ചു. ശ്രീലങ്കയിലെത്തിയ നരേന്ദ്ര മോദി ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടന്ന ദേവാലയം സന്ദര്‍ശിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ ഇരുനൂറിലധികം പേരുടെ ജീവനെടുത്ത ചാവേറാക്രമണത്തിന് ശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യ വിദേശ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി.


5.ആക്രമണം നടന്ന ദേവാലയം സന്ദര്‍ശിച്ച മോദി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഭീരുക്കള്‍ക്ക് ലങ്കയെ തോല്‍പ്പിക്കാനാവില്ലെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലങ്കയുടെ വികസനത്തിന് പിന്തുണയും അറിയിച്ചു.
രാവിലെ പതിനൊന്നിനാണ് മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി കൊളംബോയിലെത്തിയത്. ശ്രീലങ്കന്‍ പ്രധാന മന്ത്രി റിനില്‍ വിക്രമ സിന്‍ഹയുടെ നേതൃത്വത്തില്‍ മോദിക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് പ്രഡിസന്റ് മൈത്രിപാല സിരിസേനയുടെ വസതിയില്‍ കൂടിക്കാഴ്ച്ച.
6.സന്ദര്‍ശനത്തിന്റെ സ്മരണയ്ക്ക് രാഷ്ട്രപതി ഭവനില്‍ മോദി വൃക്ഷത്തൈ നട്ടു. ശ്രീലങ്കയിലെ പ്രതിപക്ഷ നേതാക്കളെയും ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി കണ്ടു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ പര്യടനമായിരുന്നു മാലി ദ്വീപ്, ലങ്കന്‍ പര്യടനം. അയല്‍ക്കാരുമായി സഹകരണമുറപ്പിക്കുന്നതിനൊപ്പം ഭീകരവാദത്തിനെതിരായി സംയുക്ത പോരാട്ടത്തിന് പിന്തുണ തേടുകയും ചെയ്തു.
7. നാളെ പുനരാംഭിക്കുന്ന നിയമ സഭാ സമ്മേളനത്തില്‍ പി ജെ ജോസഫ് താത്കാലിക നിയമസഭ കക്ഷി നേതാവായി തുടരും . നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിനും മോന്‍സ് ജോസഫും നിയമസഭാ സ്പീക്കര്‍ക്കു കത്ത് നല്‍കി. ഇതോടെയാണ് നേതാവ് തല്ക്കാലം പി.ജെ. ജോസഫ് തന്നെയെന്ന് വ്യക്തമായത്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ജോസ് കെ മാണി വിഭാഗമാണ് ഇത്തവണ സ്പീക്കര്‍ക്ക് ആദ്യം കത്ത് നല്‍കിയത്. നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ 10 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടാണ് കത്ത്. കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ നിലപാടില്‍ അയവില്ലെന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഇരുവിഭാഗവും ചൂണ്ടികാട്ടിയിട്ടുണ്ട്.
8.വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകുന്നില്ല എന്നതാണ് പുതുതായി നല്‍കിയ കത്തുകള്‍ സൂചന നല്‍കുന്നത്. പാര്‍ട്ടി വിപ്പ് കൊടുക്കുന്ന കത്തിന് സാധുതയില്ല, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സ്പീക്കറെ അറിയിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം രംഗത്ത് വന്നു. . പാര്‍ട്ടിയില്‍ തങ്ങള്‍ക്കാണ് അധികാരം എന്ന് വ്യക്തമാക്കാണ് റോഷി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്ന വിലയിരുത്തലും ജോസഫ് പക്ഷത്തിനുണ്ട്.
തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലും പാര്‍ട്ടിയ്ക്ക് പുറത്തുള്ള മധ്യസ്ഥര്‍ ഇടപെട്ട് സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ട് പോയാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ചേര്‍ന്നേക്കും.
9.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ ഇന്ന് രാവിലെയാണ് ഇരുവരും രാഹുല്‍ ഗാന്ധിയെ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം രാഹുല്‍ ഗാന്ധി ഒരു സംസ്ഥാനത്തെ പി.സി.സി പ്രസിഡന്റുമായും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായും കൂടിക്കാഴ്ച്ച നടത്തുന്നത് ഇത് ആദ്യമായാണ്.
10.അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പും കെ.പി.സി.സി പുനസംഘടനയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സംസ്ഥാനത്തെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുന്നണി നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ചര്‍ച്ചയ്ക്കിടയില്‍ രമേശ് ചെന്നിത്തലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും രാഹുല്‍ . കൂടിക്കാഴ്ച്ച 25 മിനുറ്റോളം നീണ്ടു നിന്നു. പ്രസിഡന്റ് പദവിയില്‍ തുടരണമെന്ന് ഇരുവരും രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.