ചാലക്കുടി: മുതിർന്ന വിദ്യാർത്ഥികളുടെ പീഡനം മൂലം പൂലാനിയിലെ മരിയ പാലന സൊസൈറ്റി നടത്തുന്ന അനാഥ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിയോടിയ ആറ് ആദിവാസി കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവരെ തൃശൂരിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റി. മുതിർന്ന വിദ്യാർത്ഥികളുടെ പീഡനം മൂലമാണ് രക്ഷപ്പെട്ടതെന്ന് കുട്ടികൾ ചൈൽഡ് വെൽഫെയർ അധികൃതർക്കും പൊലീസിനും മൊഴി നൽകി. ആറ് പേരും ആൺകുട്ടികളാണ്.
ഞായറാഴ്ച രാവിലെ അഞ്ചോടെ പുറത്തുകടന്ന ഇവരെ അതുവഴി വന്ന മേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം. മഞ്ചേഷാണ് ആദ്യം കാണുന്നത്. വിവരം ചോദിച്ചറിഞ്ഞ അദ്ദേഹം ഉടൻ കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ബി.ഡി. ദേവസി എം.എൽ.എ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു എന്നിവർ സ്ഥലത്തെത്തി. കൊരട്ടി എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും എത്തി. വാച്ചുമരം, ആനക്കയം എന്നീ കോളനികളിലുള്ള കുട്ടികളാണിവർ. ആറും എട്ടും വയസിനിടയിലുള്ള ഇവരെ മാതാപിതാക്കളാണ് ഇവിടെ എത്തിച്ചതെന്ന് മരിയ പാലന സൊസൈറ്റി അധികൃതർ പറഞ്ഞു. എന്നാൽ സ്വാധീനം ചെലുത്തി ഏജന്റുമാർ മുഖേനയാണ് കുട്ടികളെ ഇവിടെ കൊണ്ടുവരുന്നതെന്ന് ആശുപത്രിയിലെത്തിയ ഏതാനും പൊതുപ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസിനും ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. ഇതിനിടെ ഏതാനും രാഷ്ട്രീയ സംഘടനകൾ മരിയ പാലന സൊസൈറ്റിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചവരിൽ രണ്ടുപേർ നാലാം ക്ലാസുകാരും കഴിഞ്ഞ വർഷം പൂലാനിയിലെ സ്ഥാപനത്തിൽ എത്തിയവരുമാണ്. മറ്റുള്ളവരെ നാലു ദിവസം മുമ്പാണ് ഇവിടെ എത്തിച്ചത്.
പൂലാനിയിലെ മരിയപാലന സൊസൈറ്റിയുടെ ബാല സംരക്ഷണ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട ആദിവാസി കുട്ടികളെ വാഴച്ചാലിലെ ട്രൈബൽ സ്‌കൂളിലെത്തിച്ചു. ഇവിടെ പഠിപ്പിച്ചാൽ മതിയെന്ന ആറുപേരുടെയും മാതാപിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് തൃശൂർ ചൈൽഡ് ലൈൻ ഭാരവാഹികൾ ഇതിന് നിർദ്ദേശിച്ചത്. വാഴച്ചാൽ സ്‌കൂളിൽ ഹോസ്റ്റൽ സൗകര്യങ്ങളുമുണ്ട്.