കൊളംബോ: ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ വിശിഷ്‌ട പ്രതീകമായ സമാധി ബുദ്ധന്റെ ഒരു പ്രതിമ പ്രധാനമന്ത്രി മോദിക്ക് സിരിസേന സമ്മാനിച്ചു. ശ്രീബുദ്ധന്റെ ബോധോദയം ആവിഷ്‌കരിക്കുന്ന, ആയിരത്തി അഞ്ഞൂറ് വർഷത്തോളം പഴക്കമുള്ള ലോകപ്രശസ്‌തമായ ധ്യാനമുദ്ര പ്രതിമയുടെ പകർപ്പാണ് മോദിക്ക് സമ്മാനിച്ചത്. വിദഗ്ദ്ധ ശിൽപ്പികൾ രണ്ട് വർഷമെടുത്ത് വെള്ളത്തേക്കിൽ കൈകൊണ്ട് കൊത്തിയെടുത്തതാണ് ഈ പ്രതിമ. യഥാർത്ഥ പ്രതിമ എ. ഡി നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് നിർമ്മിച്ചത്. അത് ശ്രീലങ്കയിലെ അനുരാധപുരയിലെ മഹാമേവ്‌നാവ പാർക്കിൽ സ്ഥാപിച്ചിരിക്കയാണ്. ശ്രീലങ്കയിലെ ആദ്യത്തെ സാമ്രാജ്യമെന്ന് കരുതുന്ന അനുരാധപുര സാമ്രാജ്യത്തിന്റെ കാലത്താണ് ഒറിജിനൽ പ്രതിമ നിർമ്മിച്ചത്.
മാലദ്വീപുമായി 6 കരാർ
മാലദ്വീപുമായി പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആറു കരാറുകളിൽ ഒപ്പിട്ടു. മാലദ്വീപിലെ പുതിയ കോസ്റ്റൽ സർവെയ്‌ലൻസ് റഡാറും പുതിയ സൈനികപരിശീലന കേന്ദ്രവും മോദിയും മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
കൊച്ചിയിൽനിന്ന് ഫെറി
കൊച്ചിയിൽ നിന്ന് മാലദ്വീപിലേക്ക് ഫെറി സർവീസ് ആരംഭിക്കാനുള്ളതാണ് ഒരു കരാർ. യാത്രയ്ക്കും ചരക്കുകടത്തിനും ഉപയോഗിക്കാവുന്നതായിരിക്കും ദിവസ സർവീസ്. ടൂറിസവും ലക്ഷ്യമിടുന്നുണ്ട്. 700 കിലോമീറ്ററാണ് കൊച്ചി - മാലെ കടൽദൂരം.