കൽപ്പറ്റ: സോണിയയ്ക്കും രാജീവ് ഗാന്ധിക്കും മുമ്പെ കുഞ്ഞു രാഹുലിനെ തലോടാൻ ഭാഗ്യം ലഭിച്ച ആ അമ്മ രാഹുലിനെ കാണാൻ എത്തി. അന്ന് തലോടിയ ആ കൈകൾ കൊണ്ട് രാഹുലിനെ വാരിപ്പുണർന്ന് രാജമ്മ. ആ അമ്മയെ രാഹുൽ കെട്ടിപ്പിടിച്ചപ്പോൾ രാജമ്മയുടെ പുത്ര സ്നേഹം അശ്രുകണങ്ങളായി പൊഴിഞ്ഞു. വികാര ഭരിതമായിരുന്നു ആ കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഇന്നലെ റോഡ് ഷോയ്ക്കായി തിരുവമ്പാടിക്ക് പുറപ്പെടും മുമ്പാണ് രണ്ട് ദിവസം രാത്രി തങ്ങിയ കൽപ്പറ്റ ഗവൺമെന്റ് റസ്റ്റ്ഹൗസിൽ വെച്ച് രാജമ്മയെയും കുടുംബത്തെയും കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫേസ്ബുക്കിലൂടെ ഇരുവരുടെയും കൂടിക്കാഴ്ച്ചയുടെ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ചത്. 1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിൽ നഴ്സായിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായതിനാൽ ആശുപത്രിയിലെ ഓമനയായിരുന്നു രാഹുൽ. ജോലിയിൽ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി എത്തുന്നത്. ഇന്നിപ്പോൾ വിജയിച്ചു നന്ദി പറയാനായി കോൺഗ്രസ് അദ്ധ്യക്ഷൻ എത്തിയപ്പോൾ വോട്ടർ കൂടിയായ രാജമ്മയെ കാണാൻ മറന്നില്ല. ഉറ്റവരെ എന്നും ചേർത്തുനിർത്തുന്ന രാഹുൽ ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാട്ടുകാരി.