mukul-roy

കൊൽക്കത്ത: മമത ബാനർജിയെ അധികാരത്തിലെത്തിച്ച സിംഗൂർ ഭൂമിയേറ്റെടുക്കൽ അബദ്ധമായിരുന്നുവെന്ന് മുതിർന്ന ബി.ജെ.പി നേതാവ് മുകുൾ റോയ്. സംസ്ഥാനത്തെ വ്യവസായത്തിനോ കാർഷിക സമുദായത്തിനോ അത് യാതൊരു വിധത്തിലുള്ള ഗുണവുമുണ്ടാക്കിയില്ല. ബി.ജെ.പിയുടെ കർഷക ഘടകമായ കിസാൻ മോർച്ച സിംഗൂരിൽ നടത്താനിരിക്കുന്ന സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് മുകുൾ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കൃഷിസ്ഥലം കാർഷികവൃത്തിയ്ക്കായി ഉപയോഗിക്കാൻ സാധിക്കാതെ കർഷകർ ബുദ്ധിമുട്ടുകയാണെന്നും താൻ അക്കാലത്ത് ത്രിണമൂൽ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെങ്കിലും സിംഗൂരിലെ നടപടി അബദ്ധമായിരുന്നുവെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുകുൾ അവസരവാദിയാണെന്നാണ് ഇതിനെതിരെ ത്രിണമൂൽ പാർട്ടി പ്രതികരിച്ചത്. കർഷകരുടെ ചരിത്ര പ്രസിദ്ധമായ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണ് മുകുൾ ശ്രമിക്കുന്നതെന്ന് ത്രിണമൂൽ പാർട്ടി സെക്രട്ടറി പാർത്ഥ ചാറ്റർജി ആരോപിച്ചു. 2017ലാണ് മമതയോട് തെറ്റി മുകുൾ റോയ് തൃണമൂൽ വിടുന്നത്. തൃണമൂലിന്റെ രാജ്യസഭാംഗമായിരുന്നു മുകുൾ റോയ്.

ടാറ്റാ ഗ്രൂപ്പിന്റെ നാനോ കാർ നിർമ്മാണ പ്ലാന്റ് സിംഗൂരിൽ നിർമ്മിക്കുന്നതിനെതിരെ കർഷകർ നടത്തിയ പ്രക്ഷോഭമാണ് 34വർഷം ബംഗാൾ ഭരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയത്തിന് ഹേതുവായത്.