തിരുപ്പതി: ശ്രീലങ്ക - മാലദ്വീപ് സന്ദർശനത്തിന് ശേഷം തിരുപ്പതി ക്ഷേത്രദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രയിലെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ ആഘാതത്തിൽ നിന്ന് ചിലർ ഇനിയും മുക്തരായിട്ടില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു.
വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകരോട് സംസാരിക്കവെയാണ് മോദിയുടെ പരാമർശം. തിരഞ്ഞെടുപ്പെന്ന അദ്ധ്യായം അടഞ്ഞു കഴിഞ്ഞെന്നും 130 കോടി ഇന്ത്യക്കാരെ സേവിക്കേണ്ടതിനെക്കുറിച്ചാണ് പാർട്ടിയുടെ ശ്രദ്ധയെന്നും അദ്ദേഹം അവകാശപ്പെട്ടു.
130 കോടി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി അനുഗ്രഹം തേടിയാണ് തിരുപ്പതിയിലെത്തിയത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പുത്തൻ അഭിലാഷങ്ങൾ ഇന്ത്യയുടെ ശോഭനമായ ഭാവി ഉറപ്പാക്കുന്നതാണ്. അടുത്ത അഞ്ച് വർഷത്തിനിടെ ഇന്ത്യയ്ക്ക് വളരെ വലിയ ഉയരത്തിലെത്താൻ കഴിയും. ജനങ്ങൾക്ക് സേവനം ചെയ്യാൻ കഠിനാധ്വാനം ചെയ്യുന്ന പാർട്ടിക്ക് തിരഞ്ഞെടുപ്പിലുണ്ടാകുന്ന തിരിച്ചടികൾ നിസാരമാണെന്നും മോദി പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢിയെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തിന് എല്ലാ പിന്തുണയും കേന്ദ്രം നല്‍കും. രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനുവേണ്ടി സർക്കാർ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.