nipah

കൊച്ചി: നിപ രോഗം ബാധിച്ച് ചികിത്സയിലുള്ള വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയ 52 പേർക്ക് നിപ ലക്ഷണങ്ങളില്ലെന്ന് കളക്ടർ. രോഗലക്ഷണങ്ങളുമായി ഇന്നലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചയാൾക്കും നിപയില്ലെന്ന് പരിശോധനാ ഫലം ലഭിച്ചു. ഇതോടെ ഐസൊലേഷൻ വാർഡിൽ ഇപ്പോഴുള്ള ഏഴ് പേർക്കും നിപയില്ലെന്ന് വ്യക്തമായി.

ഐസൊലേഷൻ വാർഡിൽ നിന്ന് ഇന്നലെ അഞ്ച് പേരെ ഡിസ്‍ചാർജ് ചെയ്തിരുന്നു. ഇതോടെ ഐസൊലേഷനിലുള്ളവരുടെ എണ്ണം ആറായി. ഇവർക്കും നിപയില്ലെന്ന് വ്യക്തമായെങ്കിലും നിരീക്ഷണത്തിൽ തുടരുകയായിരുന്നു. എന്നാൽ ഇന്ന് രോഗലക്ഷണങ്ങളുമായി ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഈ രോഗിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ, ഇതുവരെയുള്ള ദിവസങ്ങളിലായി ഐസൊലേഷൻ വാർഡിൽ ചികിത്സിച്ച 12 പേർക്കും രോഗബാധയില്ലെന്ന് വ്യക്തമായി.

അതേസമയം നിപ ബാധ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. മെഡിക്കൽ കോളേജിലെ താത്കാലിക ലാബിൽ നടത്തിയ രണ്ടാംഘട്ട സാമ്പിൾ പരിശോധനയുടെ ഫലം കൂടുതൽ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഇന്നലെ അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്ന് ഫലം ലഭിച്ചു. മൂന്നു സാമ്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്.