തിരുവനന്തപുരം: ചാക്കയിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് വീട്ടമ്മ ഉൾപ്പെടെ വഴിയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം. ചാക്ക മുരുകൻ കോവിലിലെ പരികർമ്മിയായ പേട്ട പുള്ളിലൈൻ എ.പി.ആർ.എ(33)ൽ ടി.സി 31/476 തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരി (65), നെടുമങ്ങാട് മുക്കോല സ്വദേശിനി പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5ന് ചാക്കയിലെ നഗരസഭാ ഡിസ്പൻസറിക്ക് സമീപത്ത് നിന്ന് പുള്ളിലൈനിലേക്കുളള ഇടറോഡിലായിരുന്നു സംഭവം. പേട്ട മാർക്കറ്റിലെ സി.ഐ.ടി.യു തൊഴിലാളിയായ മൂന്നാം മനയ്ക്കൽ കാവടിയിൽ ബാബുവിന്റെ ഭാര്യാമാതാവാണ് പ്രസന്നകുമാരി. ബാബുവിന്റെ വീട്ടിലും മുക്കോലയിലുമായി താമസിച്ചുവരികയായിരുന്ന പ്രസന്നകുമാരി ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് മുക്കോലയിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു.
രാത്രിയിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഈസമയത്തെപ്പോഴോ വൈദ്യുതി ലൈൻ പൊട്ടിയതാകാമെന്നാണ് കരുതുന്നത്. മഴ വെള്ളം നിറഞ്ഞുകിടന്നറോഡിൽ വൈദ്യുതികമ്പി പൊട്ടികിടന്നതറിയാതെ എത്തിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. റോഡിൽ ഏതാനും മീറ്റർ അകലത്തിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. പുലർച്ചെ അതുവഴി വന്ന പത്ര വിതരണക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഇയാൾ കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് പേട്ട പൊലീസെത്തി പുള്ളിലൈനിലേക്കുള്ള റോഡ് കയർ കെട്ടി അടച്ചു. കെ.എസ്.ഇ.ബിക്കാരെ അറിയിച്ചതനുസരിച്ച് അവരെത്തി വൈദ്യുതി ഓഫ് ചെയ്തശേഷമാണ് മൃതദേഹങ്ങൾ പൊലീസിന് നീക്കം ചെയ്യാനായത്. രാധാകൃഷ്ണനാചാരിയുടെയും പ്രസന്നകുമാരിയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സുഭദ്രയാണ് രാധാകൃഷ്ണന്റെ ഭാര്യ.മകൻ പരേതനായ ഷാജി. മകൾ ഷീജ.
മരിച്ചവർക്ക് കെ.എസ്.ഇ.ബി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.