red-57

ഇരകൾക്കു മേൽ ചാടിവീഴുന്ന വേട്ടനായ്‌ക്കളെപ്പോലെ പോലീസ് സംഘം ലാത്തിവീശിക്കൊണ്ട് മുന്നോട്ടടുത്തു.

ഒരുഭാഗത്തു മാറിനിന്ന് അനന്തഭദ്രനും ബലഭദ്രനും എല്ലാം നോക്കിക്കണ്ടു.

ഫൈബർ ഷീൽഡുകൊണ്ട് യുവാക്കളെ തള്ളിനീക്കുകയും ലാത്തിവീശിയടിക്കുകയും ചെയ്തുകൊണ്ട് പോലീസ് മുന്നേറി.

ആകെ ബഹളം.

അപ്പോഴേക്കും ചുറ്റും നിന്നും മെറ്റൽ കഷണങ്ങൾ ചീറിവന്നു.

പോലീസുകാർ വല്ല വിധേനയും സി.ഐ ഋഷികേശിനെ ജനക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടുത്തി ഹോസ്പിറ്റലിനുള്ളിലേക്കു മാറ്റി.

പോലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ യുവാക്കളെ തല്ലി ചതയ്ക്കുകയായിരുന്നു.

അവർ ചിതറിയോടി...

പത്തുമിനുട്ടുകൊണ്ട് പോലീസ് കളം വെടിപ്പാക്കി.

നിലമ്പൂർ സർക്കാർ ആശുപത്രിക്കു മുന്നിൽ ചിതറിക്കിടക്കുന്ന ചെരുപ്പുകൾ..

മീഡിയക്കാർ എല്ലാം ക്യാമറയിൽ ഒപ്പിയെടുത്തു. ടിവിയിൽ ലൈവായി ന്യൂസ് വന്നു.

''ഇനി നമ്മൾ ഇവിടെ നിന്നിട്ടു കാര്യമില്ല." അനന്തഭദ്രൻ, ബലഭദ്രനെ നോക്കി.

ആ സമയം 'എം.എൽ.എ" എന്ന ബോർഡുവച്ച ഒരു കാർ ഹോസ്പിറ്റൽ മുറ്റത്തെത്തി.

അതിൽ നിന്ന് ശ്രീനിവാസ കിടാവ് ഇറങ്ങി.

ചാനൽ പ്രതിനിധികൾ അയാളെ വളഞ്ഞു.

''സാർ... വിവേക് എന്ന ചെറുപ്പക്കാരൻ നിരപരാധിയാണെന്നും അവൻ സത്യങ്ങൾ കോടതിയിൽ വിളിച്ചു പറയാതിരിക്കാനുമായി ആസൂത്രിതമായി നടപ്പാക്കിയ ഒരു കൊലപാതകമാണ് ഈ ആത്മഹത്യാ നാടകമെന്നും പറഞ്ഞുകേൾക്കുന്നുണ്ട്. എന്താണ് താങ്കൾക്കു പറയുവാനുള്ളത്?"

അത് ചോദിച്ച റിപ്പോർട്ടറെ ഒന്നു തുറിച്ചുനോക്കി ശ്രീനിവാസ കിടാവ്. ആരും അറിയാതെ അയാൾ കടപ്പല്ലു ഞെരിച്ചു. ശേഷം മുഖത്ത് പുഞ്ചിരി വരുത്തി അറിയിച്ചു.

''വിവേക് കൊലയാളിയാണോ അല്ലയോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട ചുമതല പോലീസിനായിരുന്നു. അന്വേഷണം ശരിയായ രിതിയിൽത്തന്നെ ആയിരുന്നുവെന്നും പോലീസിന്റെ കണ്ടെത്തൽ നേരായ ദിശയിലായിരുന്നുവെന്നും ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. പിന്നെ.... വിവേകിന് ആത്മഹത്യ ചെയ്യുവാനുള്ള വിഷം എവിടെനിന്നുകിട്ടി? ഞാൻ ദുർഗുണ പരിഹാര പാഠശാലയിലെ സൂപ്രണ്ടുമായി ഫോണിൽ സംസാരിച്ചു. ചെടികളുടെ കീടങ്ങളെ നശിപ്പിക്കുവാൻ വേണ്ടി വച്ചിരുന്ന വിഷമാണ് അവൻ ഉപയോഗിച്ചതെന്നാണ് അറിഞ്ഞത്. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണത്തിൽ ലഭിക്കും."

അത്രമാത്രം പറഞ്ഞിട്ട് തിടുക്കത്തിൽ ഹോസ്പിറ്റലിനുള്ളിലേക്കു നടക്കാൻ ഭാവിക്കുകയായിരുന്നു കിടാവ്.

പൊടുന്നനെയാണ് പിന്നിൽ നിന്നു മറ്റൊരു ചോദ്യം വന്നത്:

''വിവേക് എന്ന ചെറുപ്പക്കാരന്റെ മരണത്തിലും അതിനു മുൻപു നടന്ന പാഞ്ചാലി എന്ന കുട്ടിയുടെ കൊലപാതകത്തിലും ആസൂത്രിതമായ തിരക്കഥ ഉണ്ടായിരുന്നുവെന്നും അതിൽ സാറിനും മനസ്സറിവുണ്ടായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. അതേക്കുറിച്ച് എന്തു പറയുന്നു?"

കിടാവിന്റെ പുരികം ചുളിഞ്ഞു.

അയാൾ തിരിഞ്ഞ് ചോദ്യകർത്താവായ ചെറുപ്പക്കാരന്റെ തോളിൽ കൈവച്ചു. ആ കണ്ണുകളിലേക്കു നോട്ടം ഉറപ്പിച്ചു.

'അനിയൻ 'സഹ്യ" ചാനലിൽ നിന്നാണ് അല്ലേ... എന്റെ മണ്ഡലത്തിൽ നിന്നുള്ള ചാനൽ. കുറേക്കാലമായി നിങ്ങൾ ക്യാമറയും തൂക്കി എന്റെ പിന്നാലെ നടക്കുകയാണല്ലോ... എന്നെ എവിടെയെങ്കിലും ഒന്നു കുരുക്കാൻ? അതിനു വച്ച വെള്ളം അങ്ങ് വാങ്ങിയേക്കാൻ നിന്റെ മുതലാളിയോട് പോയി പറഞ്ഞേര്...."

പിന്നെയും മറ്റു പലരിൽ നിന്നും ചോദ്യങ്ങൾ വന്നു.

എല്ലാം അവഗണിച്ച് ആശുപത്രിയിലേക്കു കയറിയ കിടാവ് പെട്ടെന്നു നിന്നു.

മുന്നിൽ അനന്തഭദ്രനും ബലഭദ്രനും!

കത്തുന്ന നോട്ടങ്ങൾ പരസ്പരം ഏറ്റുമുട്ടി.

കിടാവിന്റെ കാതിൽ ബലഭദ്രൻ ശബ്ദം താഴ്‌ത്തി.

''വിവേകിനെ കൊല്ലിച്ചതാണെന്നും അതിനു പിന്നിൽ നിന്റെ ബുദ്ധിയാണെന്നും എനിക്കറിയാം കിടാവേ..."

''അതേയോ?" കിടാവ് അത്ഭുതം ഭാവിച്ചു. '' എങ്കിൽ നീ എന്നെയങ്ങ് അറസ്റ്റ് ചെയ്യിക്ക്." അയാൾ പരിഹസിച്ചു.

അപ്പോൾ അനന്തഭദ്രൻ ഒരടി മുന്നോട്ടു നീങ്ങി.

''നിന്റെ ഈ തിളപ്പുണ്ടല്ലോ ശ്രീനിവാസാ.. ഒക്കെ അവസാനിപ്പിക്കും ഞങ്ങൾ. ഞങ്ങടെ ചേട്ടന്റെ മകളുടെ മരണത്തിൽ നിനക്കുള്ള പങ്ക് വളരെ കുറവാണെങ്കിൽ പോലും നിനക്ക് ഞങ്ങൾ വിധിക്കുന്ന ശിക്ഷ വളരെ വലുതായിരിക്കും. ഓർത്തോ."

അനന്തഭദ്രൻ വെട്ടിത്തിരഞ്ഞു നടന്നു. പിന്നാലെ ബലഭദ്രനും.

അടുത്ത ദിവസം.

വൻ ജനാവലിയുടെ അകമ്പടിയോടെ വിവേകിന്റെ മൃതദേഹം സംസ്കരിച്ചു.

സുധാമണിയും രേവതിയും തളർന്നു കിടക്കുകയാണ്. ആരുടെയും സാന്ത്വന വചനങ്ങളൊന്നും അവരുടെ കാതുകളിൽ കേൾക്കപ്പെട്ടില്ല....

ഒരു തരം മരവിപ്പ്.

ശൂന്യത...

മറ്റാരുമില്ലാത്ത ഏതോ അജ്ഞാത ഭൂമിയിൽ എത്തിപ്പെട്ട അവസ്ഥ.

സഹായത്തിന് ആരുമില്ലാത്ത, നിസ്സഹായതയുടെ കയത്തിൽ അകപ്പെട്ട പ്രതീതി...

ദിവസങ്ങളും ആഴ്ചകളും പിന്നിട്ടു. ചാനൽ ചർച്ചകളിൽ നിന്ന് വിവേക് എന്ന പേരു മാഞ്ഞു....

വാഴക്കൂട്ടം അപ്പുണ്ണി വൈദ്യന്റെ വീട്ടിൽ സുഖം പ്രാപിക്കുകയായിരുന്നു സി.ഐ അലിയാർ....

പക്ഷേ അയാൾക്കു താൻ ആരെന്നുപോലും അറിയില്ലായിരുന്നു..

(തുടരും)