കൊൽക്കത്ത: തന്റെ കൺമുന്നിൽ വച്ച് ഭർത്താവ് പിടഞ്ഞുമരിക്കുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം ബംഗാളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ പ്രദീപ് മണ്ഡലിന്റെ ഭാര്യ പത്മ മണ്ഡൽ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട ബി.ജെ.പി തൃണമൂൽ കോൺഗ്രസ് സംഘർഷം തുടരുകയാണ്.
‘ഞാൻ ഭയന്നുവിറച്ചു. അക്രമിക്കൂട്ടത്തെ കണ്ട് മുന്നോട്ടോടി. ഞങ്ങളുടെ വീടും അവരുടെ ലക്ഷ്യമായിരുന്നു. ഞാൻ ഓടുന്നതു കണ്ടപ്പോൾ ഭർത്താവും ഓടാനാരംഭിച്ചു. അപ്പോഴാണ് ശക്തമായ വെടിയൊച്ച കേട്ടത്. കൺമുന്നിൽവച്ച് ഭർത്താവ് പിടഞ്ഞുമരിച്ചു’–പത്മ മണ്ഡൽ കരച്ചിലടക്കാനാകാതെ പറഞ്ഞു.
‘പരിഭ്രാന്തിയിൽ താനും ഭർത്താവും വ്യത്യസ്ത ദിശയിലേക്കാണ് ഓടിയത്. ഞാൻ അയൽവാസിയുടെ വീട്ടിൽക്കയറി. ഭർത്താവ് ഒളിക്കാനിടം തിരയുന്നതും തൃണമൂൽ ആക്രമികൾ പിന്തുടരുന്നതും അവിടെനിന്ന് എനിക്കു കാണാമായിരുന്നു. പ്രദീപിനെ ആക്രമികൾ വളഞ്ഞു. 90 മിനിറ്റോളം ഓടിയിട്ടും രക്ഷയില്ലാതായപ്പോൾ ഒരു കുളത്തിലേക്കു ചാടി. കീഴടങ്ങാം എന്ന സൂചനയോടെ കൈകൾ മുകളിലേക്കുയർത്തി. പക്ഷേ, അക്രമികൾ അദ്ദേഹത്തിന്റെ ഇടതുകണ്ണിലേക്കു വെടിവച്ചു. ഭർത്താവ് മരിക്കുന്നതു നിസഹായയായി നോക്കിനിൽക്കേണ്ടി വന്നു‘– പത്മ വിശദീകരിച്ചു.
ഭർത്താവിന്റെ കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നു പത്മ ആരോപിച്ചു. ‘തന്റെ കൺമുന്നിൽ ഭർത്താവ് വെടിയേറ്റു മരിക്കുന്നതു കാണേണ്ടി വന്നു. ഖയൂം മുല്ലയുടെയും ഷാജഹാൻ മുല്ലയുടെയും അക്രമിസംഘമാണു കൊലപാതകത്തിന് നേതൃത്വം നൽകിയത്. അവർ 400–500 പേരുണ്ടായിരുന്നു. ആ ആൾക്കൂട്ടത്തെ കണ്ടപ്പോൾ തന്നെ ഭയമായി. ഇതുപോലൊരു രംഗം മുമ്പു കണ്ടിട്ടില്ല. പ്രദീപ് മണ്ഡലിനെ അവർ ഉന്നമിട്ടിരുന്നു‘– പത്മ ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു.
കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് പുരോഗമിക്കുന്നു. അക്രമ സംഭവങ്ങളിൽ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ ഗവർണറോട് റിപ്പോർട്ട് തേടിയിരുന്നു. ഇന്നലെ നോർത്ത് 24 പർഗനസ് ജില്ലയിൽ ബി.ജെ.പി, തൃണമൂൽ അക്രമങ്ങളിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. വൈകീട്ട് നടത്തിയ വിലാപ യാത്രയിൽ ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിലും ഏറ്റുമുട്ടിയിരുന്നു.