ബംഗളൂരു: പുരോഗമന ആശയങ്ങൾ തന്റെ എഴുത്തിലും പ്രവർത്തിയിലും ഉയർത്തിപ്പിടിച്ച കന്നട സാഹിത്യകാരനും നടനുമായ ഗിരീഷ് കർണാട് (81) ബംഗളൂരുവിലെ സ്വന്തം വസതിയിൽ ഇന്ന് പുലർച്ചെ അന്തരിച്ചു.. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇന്ത്യൻ സിനിമയ്ക്കും സാഹിത്യ ലോകത്തിനും പുതിയ മാനങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഗിരീഷ് കർണാട്. 1992ൽ രാജ്യം പദ്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. സമകാലിക പ്രശ്നങ്ങളെ തന്റെ സിനിമയിലും രചനകളിലും കൊണ്ടുവരാൻ ശ്രമിച്ച വ്യക്തിയാണ് ഗിരീഷ് കർണാട്. എട്ടോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
വംശവൃക്ഷ എന്ന കന്നഡ ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംവിധായകൻ, വിമർശകൻ, വിവർത്തക് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഡോ. സരസ്വതി ഗണപതിയാണ് ഭാര്യ. പ്രശസ്ത മാധ്യമപ്രവർത്തകൻ രഘു കർണാട് ഉൾപ്പെടെ രണ്ടു മക്കളുണ്ട്. മുംബയിൽ ഡോക്ടറായ രഘുനാഥ് കർണാടിന്റെയും നഴ്സായ കൃഷ്ണബായി നീ മൻകികാറിന്റെയും മൂന്നാമത്തെ മകനായി 1938 മേയ് 19ന് മഹാരാഷ്ട്രയിലാണ് ജനനം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റോഡ്സ് സ്‌കോളർഷിപ്പിനോടൊപ്പം തത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. നാടകയാത്രയുമായി ബന്ധപ്പെട്ട് പതിനാലാം വയസിലാണ് ഗിരീഷ് ആദ്യമായി കർണാടകത്തിലെത്തിയത്. പിന്നീട് അദ്ദേഹം കർണാടകത്തിന്റെ എഴുത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റൊരു പേരായി മാറുകയായിരുന്നു.
കന്നടയിൽ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്റുവിയൻ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കർണാട് ഇന്ത്യൻ നാടകവേദിയിൽ തന്റെ സ്ഥാനമുറപ്പിച്ചത്. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറും ഫുൾബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.