ഹൈദരാബാദ്: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ വിജയം സംബന്ധിച്ച് വർഗീയ പരാമർശം നടത്തിയ ആൾ ഇന്ത്യ മജ്ലിസ്-ഇ- ഇത്തിഹാദുൽ മുസ്ലീമിൻ പ്രസിഡന്റ് അസാദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ ജയിക്കാൻ കാരണം അവിടെ 40 ശതമാനം പേരും മുസ്ലീമായത് കൊണ്ടാണെന്നാണ് ഒവൈസിയുടെ പരാമർശം.
'കോൺഗ്രസ് അദ്ധ്യക്ഷൻ(രാഹുൽ ഗാന്ധി)അമേതിയിൽ തോറ്റു,വയനാട്ടിൽ വിജയിച്ചു. വയനാട്ടിൽ 40ശതമാനം മുസ്ലീം ജനതയല്ലേ? എന്നായിരുന്നു ഞായറാഴ്ച ഹൈദരാബാദിലെ ഒരു പൊതുപരിപാടിക്കിടെ ഒവൈസി ചോദിച്ചത്. രാജ്യത്ത് മുസ്ലീങ്ങൾ തങ്ങളുടെ സ്ഥാനം നേടുമെന്ന് പ്രതീക്ഷിക്കാം. സമുദായത്തിന് അതിജീവിക്കാൻ ആരുടെയും ഭിക്ഷ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Asaduddin Owaisi, AIMIM: The Congress leader himself lost in Amethi & received victory in Wayanad. Isn't the 40% population of Wayanad Muslim? (09.06.2019) https://t.co/PxQJm7wWbz
— ANI (@ANI) June 9, 2019
'1947ആഗസ്ത് 15ന് നമ്മുടെ പൂർവികർ വിചാരിച്ചത് ഇതാണ് പുതിയ ഇന്ത്യ എന്നായിരുന്നു.ആ ഇന്ത്യ ആസാദിന്റെയും, ഗാന്ധിയുടെയും,നെഹ്റുവിന്റെയും അംബേദ്ക്കറിന്റെയും അവരുടെ കോടിക്കണക്കിന് അനുയായികളുടെയുമായിരുന്നു. ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു രാജ്യത്ത് നമ്മൾ നമ്മുടെ സ്ഥാനം നേടും. നമുക്ക് അതിജീവിക്കാൻ ആരുടെയും ഭിക്ഷ ആവശ്യമില്ല. നിങ്ങൾ കോൺഗ്രസോ മറ്റ് മതേതര പാർട്ടികളോ ഉപേക്ഷിക്കണ്ട, പക്ഷേ ഒരു കാര്യം ചിന്തിക്കൂ അവർക്ക് ശക്തി ഇല്ല,അവർ കഠിനാധ്വാനം ചെയ്യുന്നില്ല. പഞ്ചാബ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടു.അവിടെ ആരാണ്? സിക്ക്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേതിയിൽ പരാജയപ്പെട്ടു. വയനാട്ടിൽ ജയിച്ചു. അവിടെ 40 ശതമാനം മുസ്ലീം ജനതയല്ലേ? '- ഒവൈസി പറഞ്ഞു.
വയനാട്ടിൽ എതിർസ്ഥാനാർത്ഥി പി.പി സുനീറിനെക്കാൾ 4,31063 വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എന്നാൽ ഉത്തർപ്രദേശിലെ അമേതിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി.