ലണ്ടൻ: ഒാവൽ സറ്റേഡിയത്തിൽ വച്ച് ഇന്ത്യയുമായി നടന്ന ലോകകപ്പ് മൽസരത്തിൽ ആസ്ട്രേലിയൻ ബൗളർ ആഡം സാംബ ക്രിക്കറ്റ് പന്തിൽ കൃത്രിമം കാണിച്ചതായി ആരോപണം. മൽസരത്തിനിടെ സാംബ തന്റെ പോക്കറ്റിലേക്ക് കൈ ഇടുന്നതിന്റേയും തുടർന്ന് അൽപ്പനേരത്തിന് ശേഷം പുറത്തെടുക്കുന്നതിന്റേയും പന്ത് വച്ച് കളി തുടരുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുളളത്. സാംബയുടെ ഈ പ്രവൃത്തിയാണ് സംശയത്തിനിട നൽകുന്നത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Whats in the pocket Zampa??? Are Australia upto old tricks again? pic.twitter.com/MPrKlK2bs9
— Peter Shipton (@Shippy1975) June 9, 2019
തന്റെ പോക്കറ്റിലേക്ക് കൈയിട്ട് സാംബ എന്താണ് ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. എന്നാൽ ആസ്ട്രേലിയൻ ടീം ഈ കാര്യം നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. തണുത്ത കാലാവസ്ഥയിൽ തന്റെ കൈകൾ ചൂടുപിടിപ്പിക്കാനായി സാംബ പോക്കറ്റിലുളള ഒരു ഉപകരണം ഉപയോഗിക്കാറുണ്ടെന്നും അതായിരിക്കാം അയാൾ ചെയ്തത് എന്നും ടീം പറയുന്നു.'അയാൾ തന്റെ കൈകൾ ചൂട് പിടിപ്പിക്കുകയായിരുന്നിരിക്കാം.' ആസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറയുന്നു.
നിലവിൽ സാംബയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അമ്പയർമാരും സാംബയ്ക്കെതിരെ രംഗത്ത് വന്നിട്ടില്ല. മുൻപ് സൗത്ത് ആഫ്രിക്കയുമായി നടന്ന ഒരു മൽസരത്തിലും സാംബ ഇത്തരത്തിൽ പന്തിൽ കൃത്രിമം കാട്ടിയതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ ക്രിക്കറ്റർമാരായ സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാർണറിനേയും ഐ.സി.സി പന്തിൽ കൃത്രിമം കാട്ടിയതിനെ തുടർന്ന് ഒരു വർഷത്തേക്ക് വിലക്കിയിരുന്നു.