well

തിരുവനന്തപുരം : തിരുവല്ലം പാച്ചല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി. പാച്ചല്ലൂർ ഹോളിഫാമിലി സ്‌കൂളിനു സമീപം ശ്രീഭദ്രയിൽ പദ്മാനാഭന്റെ വീട്ടിലാണ് പുതിയ സിലിണ്ടർ ഘടിപ്പിക്കവേ റഗുലേറ്റർ ഇളകി ഗ്യാസ് ചോർന്നത്.നിമിഷ നേരം കൊണ്ട് തന്നെ വീട്ടിൽ നിറയെ ഗ്യാസ് നിറഞ്ഞു. ഭയന്ന് വിറച്ച വീട്ടുകാർ സിലിണ്ടറെടുത്ത് വീടിന് മുന്നിലെ കിണറ്റിലിടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവമുണ്ടായത്.

സിലിണ്ടറിൽ ചോർച്ചയുണ്ടായതോടെ വെള്ളമൊഴിച്ചെങ്കിലും ശക്തമായി ഗ്യാസ് പുറത്തേക്ക് ചീറ്റുകയായിരുന്നു. കിണറ്റിൽ വീണിട്ടും ചോർച്ചയ്ക്ക് ശമനമുണ്ടായില്ല. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. വിഴിഞ്ഞത്തുനിന്നും എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങിയെങ്കിലും അസ്വസ്ഥതയുണ്ടായതോടെ തിരികെ കയറി. പിന്നീട് പാതാളക്കരണ്ടി ഉപയോഗിച്ച് സിലിണ്ടറെടുക്കുകയായിരുന്നു.