v-s-sunil-kumar

തിരുവനന്തപുരം: ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ക‌ർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31വരെ നീട്ടിയെന്നും വിള നഷ്ടത്തിനുള്ള ഇൻഷുറൻസ് ഇനത്തിൽ 51കോടി രൂപ ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു കൃഷിമന്ത്രി.

204 കോടി രൂപ ധനസഹായം വിതരണം ചെയ്തതെന്നും കർഷകരെ ബാങ്കുകൾ ദ്രോഹിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു. സർഫാസി നിയമം ചുമത്തിക്കൊണ്ടാണ് കർഷകരെ ബാങ്കുകൾ ദ്രോഹിക്കുന്നതെന്നും ഇത് പാടില്ലെന്നും ഇതിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കർഷക ആത്മഹത്യ പെരുകുന്നത് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വയനാടിൽ നിന്നുള്ള എം.എൽ.എ ഐ.സി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയത്. സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.