കാക്കനാട്: വിവാഹ സംഘവുമായി പോയ ടൂറിസ്റ്റ് ബസ് നികുതി അടയ്‌ക്കാത്തതിന്റെ പേരിൽ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. കോട്ടയം സ്വദേശിയിൽ നിന്ന് മലയാറ്റൂർ സ്വദേശി വാങ്ങിയ ബസാണ് പിടിച്ചെടുത്തത്. മോട്ടർ വാഹന വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ ‘സ്മാർട് ട്രേസിൽ’ വാഹനത്തിന്റെ വിവരം പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ നികുതി കുടിശികയുണ്ടെന്നു കണ്ടെത്തിയത്.
എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഏലൂർ പതാളം ജംഗ്ഷനിൽ കൈ കാണിച്ചിട്ടു ബസ് നിർത്തിയില്ല. ഉദ്യോഗസ്ഥർ പിന്തുടർന്ന് എത്തും മുൻപേ ബസ് അമിത വേഗത്തിൽ ഓടിച്ചു പോയി. സമീപ പ്രദേശങ്ങളിലെ കല്യാണ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടുകിട്ടിയില്ല. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണു നെടുമ്പാശേരിയിൽ ബസ് കണ്ടെത്തിയത്.
കോട്ടയം സ്വദേശിയിൽ നിന്ന് മലയാറ്റൂർ സ്വദേശി വാങ്ങിയ ബസ് ഉടമസ്ഥാവകാശം മാറ്റാതെയും നികുതി അടയ്ക്കാതെയും ഉപയോഗിച്ചു വരികയായിരുന്നു. ബസ് കലക്ടറേറ്റിലേക്കു മാറ്റി. പിഴയും നികുതിയുമായി രണ്ട് ലക്ഷം രൂപ ഈടാക്കിയ ശേഷമേ ബസ് വിട്ടു കൊടുക്കുകയുള്ളൂവെന്ന് ആർ.ടി.ഒ ജോജി പി. ജോസ് പറഞ്ഞു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ.ദീപു, എ.എം.വി.ഐമാരായ എസ്.ഗോപി, ബേബി എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.
നികുതി വെട്ടിച്ചു സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾ കണ്ടെത്താൻ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ടൂറിസ്റ്റ് സർവീസിനു മാത്രം ഉപയോഗിക്കേണ്ട ബസുകൾ റൂട്ട് ബസുകളാക്കി അനധികൃതമായി സംസ്ഥാനാന്തര സർവീസ് നടത്തുന്നതിനെതിരെയും നടപടി തുടങ്ങിയിട്ടുണ്ട്.