chicken

ബി.എം.ഡബ്ല്യു കാറും, വലിയ വീടൊക്കെ ഉണ്ട്. എന്നാൽ കോഴി,താറാവ് മോഷണക്കേസിൽ ചൈനയിലെ കർഷകനായ ലിൻഷുയി എന്ന കോടിശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബി.എം.ഡബ്ല്യു കാറുവരെ സ്വന്തമായിട്ടുള്ളയൊരാൾ എന്തിനാണ് കോഴിയേയും താറാവിനെയുമൊക്കെ മോഷ്ടിക്കുന്നതെന്ന് ചിന്തിക്കാൻ വരട്ടെ, ഇന്ധനം നിറയ്ക്കാൻ കാശില്ലാതെ കാറുണ്ടായിട്ട് കാര്യമില്ലല്ലോ.


സ്ഥലത്ത് കോഴിയേയും താറാവിനെയുമൊക്കെ കാണാതെ പോകുന്നത് നിത്യ സംഭവമായി. പൊറുതിമുട്ടിയ നാട്ടുകാർ പൊലീസിനെ സമീപിച്ചു. കോടീശ്വരനായ ലിൻഷുയിയായിരിക്കും കള്ളനെന്ന് നാട്ടുകാരും പൊലീസുമൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു സ്കൂട്ടറിലാണ് കള്ളൻ വരുന്നതെന്ന് കണ്ടെത്തി. അപ്പോഴും കള്ളനെയും ലിൻഷുയിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.

തുടർന്ന് ആ സ്കൂട്ടറിനെ പിന്തുടർന്ന പൊലീസ് ലിൻഷുയിയുടെ വീട്ടിലാണ് എത്തിയത്. കുറച്ച് ദിവസം ആ വീടിനെ നിരീക്ഷിച്ചു. അവിടെ കോഴിക്കച്ചവടക്കാർ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അവർക്ക് മോഷണത്തിൽ പങ്കില്ലെന്ന് മനസിലായ പൊലീസ് വീട് പരിശോധിച്ചു. അവിടെ മോഷ്ടിക്കപ്പെട്ട കോഴികളെയും താറാവിനെയുമൊക്കെ കണ്ടെത്തി. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴും കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ പിടിയിലായി.

മോഷണകാരണം പ്രതി പറഞ്ഞപ്പോഴാണ് ഏവരും അമ്പരന്നത്. കൃഷി ഇപ്പോൾ നഷ്ടത്തിലാണെന്നും വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ കാശ് ഇല്ലെന്നും, മോഷ്ടിച്ച കോഴിയേയും താറാവിനെയുമൊക്കെ വിറ്റ് കിട്ടുന്ന പണത്തിനാണ് കാറിൽ ഇന്ധനം നിറയ്ക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.