vijay-malya

ലണ്ടൻ : കഴിഞ്ഞ ദിവസം ഓവലിൽ ഇന്ത്യ ആസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യയെ കൂകി വരവേറ്റ് ഇന്ത്യൻ ആരാധകർ. ബാങ്കുകളിൽ നിന്നും കോടികൾ വായ്പയായി വാങ്ങി തിരിച്ചടയ്ക്കാതെ വിദേശത്തേയ്ക്ക് കടന്ന വിജയ് മല്യയെ കള്ളൻ കള്ളൻ എന്ന് വിളിച്ചാണ് ജനം കളിയാക്കിയത്. മത്സരശേഷം പുറത്തിറങ്ങവേയാണ് ഹിന്ദിയിൽ ചോർ,ചോർ എന്ന് ജനം മല്യയെ കളിയാക്കിയത്. രാജ്യത്തോട് മാപ്പ് പറയണം എന്നും ജനം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ലണ്ടനിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സ്ഥിരം സാന്നിദ്ധ്യമാണ് വിവാദ വ്യവസായായ വിജയ് മല്യ. രാജ്യത്തെ ബാങ്കുകളെ വഞ്ചിച്ച് കോടികൾ വെട്ടിച്ചുവെങ്കിലും താൻ നിരപരാധിയാണെന്ന ഭാവത്തിലാണ് ഈ പാവം കോടീശ്വരന്റെ മട്ടും ഭാവവും. ലോകകപ്പ് മത്സരത്തിൽ മകൻ സിദ്ധാർത്ഥ് മല്യയ്‌ക്കൊപ്പം കളികാണുന്ന ചിത്രം വിജയ് മല്യ ട്വിറ്ററിലൂടെ പങ്ക് വച്ചിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് വച്ച് മാദ്ധ്യമപ്രവർത്തകരോടും വിജയ് മല്യ സംസാരിച്ചിരുന്നു.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നതാണ് വിജയ് മല്യയ്ക്ക് നേരെയുള്ള കേസ്. ലണ്ടനിലേക്ക് കടന്ന വിജയ് മല്യ അവിടെയും കോടതിയിൽ നടപടികൾ നേരിടുന്നുണ്ട്. മല്യയെ തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യയുടെ ആവശ്യം ലണ്ടൻ കീഴ്‌ക്കോടതി ശരിവച്ചിരുന്നു. എന്നാൽ ഇതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് മല്യ ഇപ്പോൾ. ഇന്ത്യയിലെത്തിയാൽ തന്നെ ജയിലിലടയ്ക്കുമെന്നും, ഇന്ത്യയിലെ ജയിലുകൾക്ക് വൃത്തിയില്ലെന്നുമൊക്കെ തൊടുന്യായങ്ങൾ നിരത്തിയാണ് കീഴ്‌ക്കോടതിയിൽ മല്യ കേസ് നേരിട്ടത്. അടുത്തമാസം ആദ്യം മേൽക്കോടതി മല്യയുടെ അപ്പീൽ പരിശോധിക്കാനിരിക്കുകയാണ്.