മുംബയ്: വിവാഹം വാഗ്ദ്ധാനം നൽകി പീഡിപ്പിച്ച് പൊലീസ് കോൺസ്റ്റബിൾ. മുംബയിലെ ഖാർ റോഡിലുള്ള പൊലീസ് സ്റ്റേഷനിലെ ശിവാനന്ദ ബരാച്ചാരെ എന്ന കോൺസ്റ്റബിളാണ് തന്റെ സഹപ്രവർത്തകയെ നിരന്തരം പീഡനത്തിന് വിധേയയാക്കിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ബരാച്ചാരെ ഒളിവിൽ പോയത്. സംഭവത്തിൽ ഭോയിവാഡ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഥാനകയറ്റത്തിനായുള്ള പ്രവേശന പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന സഹപ്രവർത്തയെ സഹായിക്കേണ്ട ചുമതലയായിരുന്നു ബരാച്ചാരെയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ അതിന് പകരം മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ഇയാൾ സഹപ്രവർത്തകയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല തവണ ഇയാൾ ഇത് ആവർത്തിച്ചു. ഇതിനെ തുടർന്ന് പീഡനത്തിനിരയായ പൊലീസുകാരി ഗർഭിണിയാകുകയും പിന്നീട് ഗർഭം അലസിപ്പിക്കുകയും ചെയ്തു.
തന്നെ എന്തിന് ഉപദ്രവിച്ചു എന്ന ചോദ്യവുമായി പൊലീസുകാരി ബരാചാരയെ സമീപിച്ചപ്പോൾ താൻ അവരെ വിവാഹം കഴിച്ചുകൊള്ളാം എന്ന് അയാൾ വാഗ്ദ്ധാനം നൽകി. ഏറെ വൈകിയാണ് ബരാച്ചാരെ നേരത്തെ തന്നെ വിവാഹിതനാണ് എന്ന വിവരം യുവതി മനസിലാക്കുന്നത്.
ബരാച്ചാരെ വിവാഹിതനാണെന്ന് അറിഞ്ഞ ശേഷവും എന്തിന് ആദ്യകാഴ്ചയിൽ തന്നെ യുവതി അയാൾക്ക് വഴങ്ങിയതെന്ന് ബരാച്ചാരെയുടെ ജാമ്യം നിഷേധിച്ചുകൊണ്ട് സെഷൻസ് കോടതി ചോദിച്ചിരുന്നു. ബാരാച്ചാരെയെ വെറുതെ വിട്ടാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക എന്നും കോടതി നിരീക്ഷിച്ചിരുന്നു.