കോട്ടയം : നഷ്ടത്തിലോടുന്ന ആനവണ്ടിയോട് യാത്രക്കാർ ഇങ്ങനെ ചെയ്താൽ എന്ത് ചെയ്യും ? കഴിഞ്ഞ ദിവസം ബത്തേരി കോട്ടയം റൂട്ടിലോടിയ കെ.എസ്.ആർ.ടി.സി ബസിൽ സംഭവിച്ചതറിഞ്ഞാൽ ആരും ഇങ്ങനെ ചോദിക്കും. നിറഞ്ഞ യാത്രക്കാരുമായി രാത്രി മൂവാറ്റുപുഴയിൽ നിന്നും കൂത്താട്ടുകുളം വരെ പതിനെട്ട് കിലോമീറ്ററോളം ബസ് യാത്രചെയ്തത് കണ്ടക്ടറില്ലാതെയായിരുന്നു. മൂവാറ്റുപുഴ സ്റ്റാന്റിൽ നിന്നും കണ്ടക്ടർ കയറുന്നതിന് മുൻപേ യാത്രക്കാരിലാരോ ബെല്ലടിച്ചതാണ് വിനയായത്. കണ്ടക്ടറില്ലെന്ന് അറിയാതെ ബസ് ഓടിച്ച ഡ്രൈവർ ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാൻ യാത്ര ചെയ്ത ആരോ ബെല്ലടിച്ചപ്പോൾ നിർത്തുകയും ചെയ്തിരുന്നു.
അതേസമയം മൂവാറ്റുപുഴയിൽ നിന്നും തന്നെ കയറ്റാതെ ബസ് പുറപ്പെട്ടതറിഞ്ഞ കണ്ടക്ടർ വിവരം ഡിപ്പോയിൽ അറിയിക്കുകയും അവിടെ നിന്നും കൂത്താട്ടുകുളം ഡിപ്പോയിലേക്ക് വിവരം കൈമാറുകയുമായിരുന്നു. തുടർന്ന ബസ് കൂത്താട്ടുകുളം ഡിപ്പോയിലെത്തിയപ്പോൾ അധികൃതർ പിടിച്ചിട്ടു. അപ്പോഴാണ് കണ്ടക്ടറില്ലാതെയാണ് ബസ് ഇത്രയും ദൂരം ഓടിച്ചതെന്ന് ഡ്രൈവർ അറിഞ്ഞത്.