feature

ആധുനിക ഭാരതീയ നാടക വേദിയിലെ കരുത്തരായ നാടകകൃത്തുക്കളിൽ പ്രമുഖനായിരുന്നു ഗിരീഷ് കർണാട്. ബംഗാളി നാടകവേദിയിൽ ബാദൽ സർക്കാർ,​ മറാത്തി നാടകവേദിയിൽ വിജയ് ടെൻഡുൽക്കർ,​ ഹിന്ദിയിൽ മോഹൻ രാകേഷ് എന്നിവരുടെ സമകാലികനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യനാടകം മാനിഷാദ എന്ന ഏകാങ്കമായിരുന്നു. ലോകനാടകവേദിയിൽതന്നെ ആധുനിക മനുഷ്യന്റെ ജീവിത സമസ്യകളെ നിർദ്ധാരണം ചെയ്യാൻ ചരിത്ര സന്ദർഭങ്ങളും പുരാണകഥാ സന്ദർഭങ്ങളും ഉപയോഗപ്പെടുത്തിയിരുന്ന പ്രവണത ഉണ്ടായിരുന്നു. അങ്ങനെയാണ് ഗിരീഷ് കർണാടിന്റെ ആദ്യ നാടകം യയാതി എഴുതപ്പെടുന്നത്. 23-ാം വയസിലാണ് അദ്ദേഹം യയാതി രചിക്കുന്നത്. നിത്യയൗവനത്തിനായി മക്കളുടെ യൗവനം കടംവാങ്ങുന്ന യയാതിയെ കേന്ദ്രകഥാപാത്രമാക്കിയതായിരുന്നു നാടകം.

1964 ൽ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയ ആദ്യകാല നാടകമായ തുഗ്ളക് അരങ്ങിലെത്തി. ചരിത്രപുരുഷനായ മുഹമ്മദ് ബിൻ തുഗ്ളകിന്റെ ഭരണകാലവും ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകാലവും തമ്മിലുള്ള സാദൃശ്യം ഈ നാടകത്തിൽ കാണാനാവും. ഞാൻ ഈ നാടകം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത് 1975 ലാണ്. അന്നത് തർജ്ജമ ചെയ്യാൻ തോന്നിയതിന് കാരണം അതിലെ ആദ്യ സംഭാഷണമാണ്. അതിങ്ങനെയായിരുന്നു : ' ദൈവമേ, ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് 'അടിയന്തരാവസ്ഥക്കാലമായതു കൊണ്ട് ഈ സംഭാഷണത്തിന് പ്രത്യേക പ്രസക്തിയുണ്ടായിരുന്നു. നാടകത്തിലെ അസം, ആസിം എന്നീ രണ്ട് അലക്കുതൊഴിലാളികളായ കഥാപാത്രങ്ങൾ രാഷ്‌ട്രീയമായ കളികളിലൂടെ അധികാരത്തിന്റെ ഉന്നതശ്രേണിയിലെത്തുന്നതാണ് കഥ. തുഗ്ളകിന്റെ ഭരണകാലം ഇതിന്റെ പശ്ചാത്തലമായി നിൽക്കുന്നുണ്ട്. ഈ നാടകം നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഡ‌യറക്‌ടറായിരുന്ന ഇബ്രാഹിം അൽകാസി സംവിധാനം ചെയ്‌തിട്ടുണ്ട്. ഡൽഹിയിലെ ചുവപ്പുകോട്ടയുടെ പശ്ചാത്തലത്തിൽ നടന്ന ഈ നാടകത്തിന്റെ രംഗാവതരണം ഇന്ത്യൻ നാടകവേദിയിലെ ഒരു വലിയ സംഭവം തന്നെയായിരുന്നു.

പിന്നീടാണ് മറ്റൊരു നാടകമായ ഹയവദന രംഗത്തെത്തുന്നത്. കഥാസരിത് സാഗരത്തിലെ ഒരു ചെറിയ കഥയാണ് ഇതിനാധാരം. തോമസ് മന്നിന്റെ 'മാറ്റിവച്ച തലകൾ' എന്ന കൃതി ഈ കഥയെ ആധാരമാക്കി രചിക്കപ്പെട്ടതാണ്. ആധുനിക മനുഷ്യന്റെ സ്വത്വപരമായ സംഘ‌ർഷമാണ് ഈ നാടകത്തിലൂടെ ആവിഷ്‌കൃതമാകുന്നത്. 1978 ൽ എറണാകുളത്ത് ജി. ശങ്കരപ്പിള്ള സംഘടിപ്പിച്ച ദേശീയ നാടകോത്സവത്തിൽ ഈ നാടകം അവതരിപ്പിച്ചിരുന്നു. അന്നത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ബി.വി കാരന്തായിരുന്നു സംവിധാനം ചെയ്‌തത്. കാരന്ത് തന്നെയായിരുന്നു പ്രധാനവേഷമായ ഭാഗവതരെ അവതരിപ്പിച്ചത്. ഒരു സന്ദർഭം ഞാനോർക്കുന്നു . നാടകം തുടങ്ങുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുൻപ് ശങ്കരപ്പിള്ളസാറിന് ഒരു ടെലിഗ്രാം കിട്ടുകയുണ്ടായി. ബി.വി കാരന്തിന്റെ അച്ഛൻ മരിച്ചു പോയി എന്നതായിരുന്നു ടെലിഗ്രാം. വിവരം കാരന്തിനെ അറിയിക്കുകയും ചെയ്‌തു. അഭിനയിക്കാൻ പകരക്കാരൻ ഉണ്ടായിരുന്നെങ്കിലും കാരന്ത് തന്നെ ആ വേഷം കൈകാര്യം ചെയ്‌തു. നാടകം കഴിഞ്ഞയുടൻ മേക്കപ്പ് പോലുമഴിക്കാതെ ബാംഗ്ളൂരിലേക്ക് പോയി അദ്ദേഹം. കന്നഡയിലെ നാടോടി ദൃശ്യ കലാരൂപമായ യക്ഷഗാനത്തിലെ ചില അംശങ്ങൾ ഈ നാടകാവതരണത്തിന്റെ ചില സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നീടാണ് അദ്ദേഹത്തിന്റെ നാഗമണ്‌ഡല എന്ന നാടകം പുറത്തുവരുന്നത്. ഈ നാടകം മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും അഭിനയിച്ചിരുന്നു.

ഇന്ത്യൻ ചലച്ചിത്രരംഗത്തും ഗിരീഷ് കർണാടിന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. 1970 ലാണ് യു.ആർ അനന്തമൂർത്തിയുടെ സംസ്‌കാര എന്ന നോവലിനെ ആധാരമാക്കി പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്‌ത കന്നഡ സിനിമയിലെ പ്രധാനവേഷം അഭിനയിച്ചത് ഗിരീഷ് കർണാടായിരുന്നു. കന്നഡ സിനിമയ്‌ക്ക് ആദ്യമായി ലഭിച്ച സ്വർണകമലം ഈ ചിത്രത്തിനായിരുന്നു.

പിന്നീട് ടിവി സീരിയലിലും അദ്ദേഹം അഭിനയിച്ചു. ആർ.കെ നാരായണിന്റെ മാൽഡുഗി ഡേയ്‌സ് എന്ന സീരിയലിലെ സ്വാമി എന്ന കഥാപാത്രത്തിന്റെ അച്‌ഛനായി അഭിനയിച്ചത് ഗിരീഷ് കർണാടായിരുന്നു. കാരന്തുമായി ചേർന്ന് സംയുക്തമായി സംവിധാനം ചെയ്ത വംശവൃക്ഷയ്ക്ക് മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഹിന്ദിയിലും കന്നഡയിലുമായി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തു. ഉത്സവ് എന്ന ചിത്രം ഇക്കൂട്ടത്തിൽ ശ്രദ്ധേയമായിരുന്നു. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. ഇവയിൽ പലതും ദേശീയവും അന്തർദേശീയവുമായ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാഡമിയുടെ അദ്ധ്യക്ഷനായിരിക്കെ നടത്തിയിട്ടുള്ള നാടകപ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

കൊങ്കൺ ബ്രാഹ്‌മണ കുടുംബത്തിൽ 1938 മേയ് 19 ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ഗിരീഷ് കർണാട് ജനിച്ചത്. ആർട്‌സിൽ ബിരുദം നേടിയ അദ്ദേഹം ലണ്ടനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റോഡ്സ് സ്‌കോളർഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

1974 ൽ പത്മശ്രീ,​ 1992 ൽ പത്മഭൂഷൺ,​ 1998 ൽ ജ്ഞാനപീഠം അടക്കം ധാരാളം പുരസ്‌കാരങ്ങൾ ഈ പ്രതിഭയ്‌ക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ നാടകവേദിക്കും ചലച്ചിത്ര മേഖലയ്‌ക്കും ഒരു തീരാനഷ്‌ടം തന്നെയാണ്