പത്തനംതിട്ട: കൂലിപ്പണിയെടുത്ത വകയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിക്ക് കിട്ടാനുള്ള കാശ് വാങ്ങി നൽകാൻ ഇടനില നിന്ന പത്തനംതിട്ടയിലെ ഒരു പ്രാദേശിക സി.പി.എം നേതാവ് മുപ്പതിനായിരം രൂപ സ്വന്തം പോക്കറ്റിലാക്കിയെന്ന ആക്ഷേപം വിവാദങ്ങൾക്ക് വഴിവച്ചു. സംഭവം പരാതിയായി പുറത്തുവന്നതോടെ പണം തിരികെ നൽകി നേതാവ് തടിയൂരിയെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളിക്ക് പണിയെടുത്ത വകയിൽ നൽകാനുണ്ടായിരുന്ന കുടിശിക തുകയാണ് ലേബർ കോൺട്രാക്ടറിൽ നിന്ന് സി.പി.എം പുല്ലാട് ലോക്കൽ കമ്മിറ്റിയിലെ ഒരു പ്രമുഖ നേതാവ് കൈക്കലാക്കിയതെന്നാണ് ആക്ഷേപം. പണം വാങ്ങിയത് സ്ഥിരീകരിക്കാൻ തെളിവായി ശേഖരിച്ച ഫോൺ സംഭാഷണം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. സി.പി.എമ്മിലെ ഒരു മുൻ ഏരിയ സെക്രട്ടറിയുടെ മകനും ലേബർ കോൺട്രാക്ടറും തമ്മിൽ നടക്കുന്ന സംഭാഷണത്തിൽ പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
സംഭവം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ഈ നേതാവിനെതിരെയും സംഭാഷണം പുറത്തുവിട്ടയാളിനെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പുല്ലാട് മേഖലയിൽ വർഷങ്ങളായി കെട്ടിട നിർമ്മാണ തൊഴിൽ ചെയ്യുന്നയാളാണ് ബംഗാൾ സ്വദേശിയായ തൊഴിലാളി. കുടിശിക ഇനത്തിൽ ഇയാൾക്ക് 30,000 രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതേച്ചൊല്ലി ലേബർ കോൺട്രാക്ടറും തൊഴിലാളിയുമായി തർക്കമുണ്ടായി. ആഗസ്റ്റ് ആദ്യവാരമായിരുന്നു സംഭവം. മലയാളം സംസാരിക്കാൻ അറിയാവുന്ന തൊഴിലാളി നാട്ടുകാർ പറഞ്ഞതനുസരിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ സി.പി.എം നേതാവ് കോൺട്രാക്ടറെ വിരട്ടി പണം വാങ്ങിയെങ്കിലും തൊഴിലാളിക്ക് നൽകിയില്ല. തുടർന്ന് തൊഴിലാളിക്കായി നാട്ടുകാരിൽ ചിലർ പരാതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. അപ്പോഴേക്കും സംഭവം പാർട്ടി പ്രവർത്തകരും അറിഞ്ഞു. എന്നാൽ താനല്ല, ഒരു എ.എസ്.ഐയാണ് പണം വാങ്ങിയതെന്നായിരുന്നു പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ. ഇത് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിപ്രവർത്തകർ അറിഞ്ഞെങ്കിലും പാർട്ടിക്ക് നാണക്കേടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് കഴിയുംവരെ മൗനം പാലിച്ചു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറിയതോടെ കോൺട്രാക്ടർ തൊഴിലാളിക്ക് കുടിശിക നൽകി പ്രശ്നം പരിഹരിച്ചു. എന്നാൽ നേതാവ് വാങ്ങിയ പണം തിരികെ നൽകാതിരുന്നത് വീണ്ടും വിവാദമായി. ഒടുവിൽ വാങ്ങിയ പണത്തിൽ ഇരുപതിനായിരം രൂപ കോൺട്രാക്ടർക്ക് തിരികെ നൽകി.
തൊഴിലാളിക്ക് പതിനായിരം രൂപ കൊടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഈ പണവും കോൺട്രാക്ടർക്ക് തിരികെ നൽകാമെന്നാണ് ഇപ്പോൾ പ്രാദേശിക നേതാവ് പറയുന്നതത്രേ. ഇതുസംബന്ധിച്ച് മറ്റൊരു നേതാവും പാർട്ടിക്ക് പരാതി നൽകി. വിഷയം സംസ്ഥാന കമ്മിറ്റിയിൽ വരെ എത്തിയതോടെ ഏരിയ കമ്മിറ്റിയും ഇടപെട്ടു. അതേ സമയം അഴിമതി പുറത്തുകൊണ്ടുവന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിനെതിരെ ചില പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.